കോഴിക്കോട്: നിപ വൈറസ് ബാധ ഒരിക്കല്‍കൂടി കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ അധികൃതരെ കുഴപ്പിക്കുന്നത് ഉറവിടത്തെ ചൊല്ലിയുള്ള ആശങ്ക. 2018-ല്‍ 21 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയുടെ ഉറവിടം ഇപ്പോഴും അജ്ഞാതം.
രോഗം പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയ്ക്കു സമീപത്തുനിന്നുള്ള പ്രദേശത്തുനിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍.) നടത്തിയ പരിശോധനയില്‍ പിടികൂടിയ 10 വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു. അതേ വൈറസാണ് മനുഷ്യരിലും കണ്ടെത്തിയതെങ്കിലും അവയില്‍നിന്നാണോ ആദ്യം മരിച്ച സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്തിന് രോഗം ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
എങ്ങിനെ മനുഷ്യനിലെത്തി?
വവ്വാലില്‍നിന്ന് എങ്ങനെയാണ് വൈറസ് മനുഷ്യനിലേക്ക് വന്നതെന്ന് തിരിച്ചറിയാന്‍ ഗവേഷകര്‍ക്കോ ആരോഗ്യവകുപ്പിനോ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച തുടര്‍ പഠനങ്ങള്‍ പിന്നീട് നടന്നതുമില്ല. വവ്വാല് കടിച്ച പഴം കഴിച്ചതുകൊണ്ടാവാം വൈറസ് ബാധയുണ്ടായതെന്ന നിഗമനം മാത്രമാണുള്ളത്. സാബിത്ത് രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പേ മരിച്ചതാണ് ആരോഗ്യ വകുപ്പിനു വെല്ലുവിളിയായത്.
ഉറവിടം കണ്ടെത്താന്‍ വിദഗ്ധരുടെ സഹായത്തോടെ വിശദമായ എപ്പിഡെമിയോളജി (സാംക്രമിക രോഗ വിജ്ഞാനീയം) പഠനം നടത്തണമെന്ന് അന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ, ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ പഠനം നടത്തിയെങ്കിലും ഉറവിടത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിലേക്കു പോയില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍തന്നെ പറയുന്നത്. ഉറവിടത്തെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും കിട്ടിയില്ലെന്ന് സംസ്ഥാന സര്‍വയലന്‍സ് ഓഫീസര്‍ ഡോ. വി. മീനാക്ഷിയും പറയുന്നു.
2018, 2019ലെ പ്രളയങ്ങള്‍, തുടര്‍ന്ന് രണ്ട് വര്‍ഷമായി തുടരുന്ന കോവിഡ് ബാധ എന്നിവ സ്ഥലം സന്ദര്‍ശിച്ചുള്ള പഠനങ്ങള്‍ക്ക് തടസ്സമായെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
വൈറസ് വവ്വാലുകള്‍ക്ക് ഭീഷണിയല്ല
വാഹകരായ വവ്വാലുകള്‍ക്ക് നിപ വൈറസ് ഭീഷണിയല്ല. എന്നാല്‍ വവ്വാലുകളുടെ ആവാസ വ്യവസ്ഥയില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയുടെ വിസര്‍ജ്യം, ഉമിനീര് എന്നിവ വഴി വൈറസ് പുറത്തെത്തുന്നു. വവ്വാല് കടിച്ച പഴങ്ങള്‍ ഭക്ഷിക്കുന്നതാണ് മനുഷ്യനില്‍ വൈറസ് ബാധക്കിടയാക്കുന്നത്. എന്നാല്‍ 2018ലും ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല.
വവ്വാലില്‍നിന്ന് പുറത്തുവരുന്ന നിപ വൈറസിന് യോജിച്ച ‘ആതിഥേയ ശരീരം’ കിട്ടിയില്ലെങ്കില്‍ അധികസമയം അതിജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നേരിട്ടുള്ള സമ്പര്‍ക്കമാണ് മൂന്ന് പ്രാവശ്യവും മനുഷ്യരിലെ നിപ ബാധക്ക് കാരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഞായറാഴ്ച മരിച്ച മുഹമ്മദ് ഹാഷിം റമ്പുട്ടാന് പഴം കഴിച്ചതില്നിന്നാവാം രോഗബാധിതനായതെന്ന് സംശയിക്കപ്പെടുന്നു. പക്ഷേ, സ്ഥിരീകരിക്കാന്‍ വിശദപഠനം വേണ്ടിവരും.
എല്ലാ വവ്വാലുകളും അപകടകാരിയല്ല
സംസ്ഥാനത്തുള്ള എല്ലാ വവ്വാലുകളും നിപ വൈറസ് വാഹകരല്ല. 2018ല്‍ കോഴിക്കോട് വൈറസ് ബാധ കണ്ടെത്തിയത് പഴംതീനിയായ കടവാവലില് (ഫ്ളൈയിംഗ് ഫോക്സ്)നിന്നായിരുന്നു. പേരാമ്പ്രയില്‍ വീടിലെ കിണറില്‍നിന്ന് ഷഡ്പദഭോജിയായ വവ്വാലിനെ കണ്ടെത്തിയെങ്കിലും അതില്‍ നിപ വൈറസ് ഉണ്ടായിരുന്നില്ല.