ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകനുമായി ചാറ്റിങ്; രക്ഷിതാക്കള്‍ അറിഞ്ഞപ്പോള്‍ 13കാരി ജീവനൊടുക്കി

safa fathima

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകനുമായുള്ള ബന്ധം പുറത്തറിഞ്ഞ വിഷമത്തില്‍ 13 കാരി ജീവനൊടുക്കി. കളനാട് വില്ലേജ് ഓഫീസിന് സമീപത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ശാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമ (13) യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഇളയകുട്ടിയെ ശൗചാലയത്തില്‍ കൊണ്ടുപോകുന്നതിന് മാതാവ് എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.
ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയാണ് സഫ. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അധ്യാപകനുമായി സോഷ്യല്‍ മീഡിയ വഴിയുള്ള ചാറ്റിങ് രക്ഷിതാക്കളും ബന്ധുക്കളും വിലക്കിയതിന്റെ മനോവിഷമത്തിലാണ് 13 കാരി ജീവനൊടുക്കിയതെന്നാണ് നിഗമനം. ചാറ്റിങ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പെടുകയും വിലക്കുകയും സ്‌കൂള്‍ പ്രിന്‍സിപലിനെ കണ്ട് അധ്യാപകനെതിരെ പരാതി പറയുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പേരില്‍ പെണ്‍കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ പൊലീസ് വീട്ടിലെത്തി രക്ഷിതാക്കളുടെ മൊഴിയെടുക്കുകയും ചെയ്തു.

മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് സഫ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റിഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. മൊബൈല്‍ ഫോണ്‍ വിശദ പരിശോധ നടത്തിയാലേ കൃത്യമായ ചിത്രം വ്യക്തമാവൂ എന്ന് പോലിസ് വ്യക്തമാക്കി.

പിതാവ് മന്‍സൂര്‍ തങ്ങളാണ് പോലീസില്‍ പരാതി നല്‍കിയത്.
മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ നിരന്തരം പ്രലോഭിപ്പിച്ച് തെറ്റായ രീതിയിലേക്ക് കൊണ്ട് പോവുകയാണ് അധ്യാപകന്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവ ദിവസം രാത്രി വിദ്യാര്‍ഥിനിയെ അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തതാണ് വിദ്യാര്‍ഥിനിയുടെ മാനസികാവസ്ഥ തകരാന്‍ കാരണമെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം വിഷയം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും നിയമപരമായ നടപടികള്‍ക്ക് കുടുംബത്തിനും അധികൃതര്‍ക്കും മുഴുവന്‍ സഹായവും നല്‍കുമെന്നും സ്‌കൂള്‍ മാനജ്മെന്റ് അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തി അധ്യാപകനെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ ശിഹാബ് കടവത്ത്, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അര്‍ശാദ് പാലിച്ചിയടുക്കം, സെക്രടറി അക്ബര്‍ കടവത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ നീക്കണമെന്ന് ഡി വൈ എഫ് ഐ ബ്ലോക് പ്രസിഡന്റ് വൈശാഖ് ബി, കളനാട് മേഖല പ്രസിസന്റ് ഹബീബ് മാണി, സെക്രടറി ശ്രീജിത് എം എസ്, ട്രഷറര്‍ മീന കൊക്കാല്‍, സുധീഷന്‍ ഉലൂജി എന്നിവര്‍ ആവശ്യപ്പെട്ടു.