കണ്ണൂര്‍: കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്കാന് സുപ്രീംകോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത അദ്ധ്യയന വര്‍ഷവും അംഗീകാരം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
15.72 കോടി രൂപ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. അതോടൊപ്പം തിരിച്ച് നല്‍കേണ്ട ഫീസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന തൊണ്ണൂറോളം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ 9 മാസത്തിനുള്ളില്‍ ഫീസ് നിര്‍ണയ സമിതി തീരുമാനം എടുക്കണമെന്നും അറിയിച്ചു. ഇതില്‍ തീരുമാനം ആകുന്നത് വരെ 25 കോടി രൂപ സ്ഥിര നിക്ഷേപമായി പ്രത്യേക അക്കൗണ്ടില്‍ മാനേജ്മെന്റ് കെട്ടിവയ്ക്കാനും ഉത്തരവിട്ടു.
2016 – 17 അദ്ധ്യയന വര്‍ഷം മെഡിക്കല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി ഫീസ് തിരിച്ചുനല്‍കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2020- 2021വര്‍ഷത്തേക്കുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം സുപ്രീംകോടതി തടഞ്ഞിരുന്നു.