Wednesday, May 12, 2021
Home News Kerala ഹൈക്കോടതി വിധി സുപ്രിംകോടതി തള്ളി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന് തന്നെ

ഹൈക്കോടതി വിധി സുപ്രിംകോടതി തള്ളി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന് തന്നെ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല രാജ കുടുംബത്തിനു തന്നെയെന്ന് സുപ്രിംകോടതി. രാജകുടുംബത്തിന് ഭരണച്ചുമതല ഇല്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്ര ഭരണത്തിന് രാജ കുടുംബാംഗങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും അടങ്ങുന്ന പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിര്‍ദേശവും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന്റെ കാലശേഷം ക്ഷേത്രം അനന്തരാവകശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമായിരുന്നു 2011 ജനുവരി 31ലെ ഹൈക്കോടതി ഉത്തരവ്. രാജഭരണം ഇല്ലാതായെങ്കിലും രാജാവിന്റെ വ്യക്തിപരമായ അധികാരം ഇല്ലാതായിട്ടില്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.

ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള കമ്മിറ്റിക്കായിരിക്കും താല്‍കാലിക ഭരണചുമതല. കമ്മിറ്റിയിലുള്ളവര്‍ ഹിന്ദുമത വിശ്വാസികളാകണം. ബി നിലവറ തുറക്കുന്ന കാര്യം പുതിയ ഭരണ കമ്മിറ്റികള്‍ക്ക് തീരുമാനിക്കാം. 2011ല്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും മുന്‍ സിഎജി വിനോദ് റായിയും സ്വത്തുക്കളില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗുരുവായൂര്‍ മാതൃകയില്‍ ദേവസ്വം രൂപീകരിക്കാമെന്നായിരുന്നു സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഈ വാദവും തള്ളിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളില്‍ രാജകുടുംബത്തിനുള്ള അവകാശം സുപ്രീം കോടതി പുനഃസ്ഥാപിച്ചത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.

ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.

Most Popular