Sunday, September 19, 2021
Home News Kerala ഫാത്തിമ തഹ്‌ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി; ലീഗ് വിടില്ലെന്ന് മറുപടി

ഫാത്തിമ തഹ്‌ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി; ലീഗ് വിടില്ലെന്ന് മറുപടി

കോഴിക്കോട്: ഹരിത വിവാദത്തില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് ബിജെപിയിലേക്ക് ക്ഷണം. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപിയാണ് ഫോണില്‍ വിളിച്ച് ഫാത്തിമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാല്‍, ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് ഫാത്തിമ മറുപടി നല്‍കി. മുസ്‌ലിം ലീഗ് വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഒരുക്കമല്ല. അത്തരമൊരു ആലോചന പോലും നടക്കുന്നില്ലെന്നും ഫാത്തിമ വ്യക്തമാക്കി.
ബിജെപിയില്‍ ചേരുന്നില്ലെങ്കില്‍ പോലും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാന്‍ മടിക്കരുതെന്നും ഫാത്തിമയോട് സുരേഷ് ഗോപി വ്യക്തമാക്കി.

എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പി കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് പരാതി നല്‍കിയ ഹരിത ഭാരവാഹികളെ പിന്തുണച്ചു കൊണ്ട് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമയെ ലീഗ് ദേശീയ കമ്മിറ്റി നീക്കം ചെയ്തത്. തുടര്‍ന്ന് ഫാത്തിമ പാര്‍ട്ടി മാറുമെന്നും തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍, ഇത് നിഷേധിച്ച് ഫാത്തിമ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
‘മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്.’ – ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

 

Most Popular