ശര്‍ക്കരയ്ക്കു പിന്നാലെ ഓണക്കിറ്റിലെ പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാ ഫലം

onam kit pappad

കൊച്ചി: ശര്‍ക്കരയ്ക്കു പിന്നാലെ, സപ്ലൈകോ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. റാന്നിയിലെ സിഎഫ്ആര്‍ഡിയില്‍ പരിശോധിച്ച സാംപിളുകളില്‍ ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെയും അളവും പിഎച്ച് മൂല്യവും നിര്‍ദിഷ്ട പരിധിക്കു മുകളിലാണെന്നു കണ്ടെത്തി. ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നുള്ളപ്പോള്‍ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്.

പിഎച്ച് മൂല്യം 8.5 കടക്കരുതെങ്കിലും ഇത് 9.20 ആണ്. ഫഫ്‌സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്കു നല്‍കിയത്. കേരള പപ്പടത്തിനായാണ് ടെന്‍ഡര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള അപ്പളമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. തുടര്‍ന്നു വാങ്ങിയ 5 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും വരാനുണ്ട്.

ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാ ഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡിപ്പോ മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.