Sunday, November 28, 2021
HomeNewsKeralaകുഞ്ഞ് അനുപയമുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്തുവന്നു

കുഞ്ഞ് അനുപയമുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്തുവന്നു

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന പരാതിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. കുഞ്ഞ്, അനുപമ, ഭര്‍ത്താവ് അജിത്കുമാര്‍ എന്നീ മൂന്നു പേരുടെയും ഡിഎന്‍എ ഫലം പോസിറ്റീവ് ആണ്.

ഇതേ തുടര്‍ന്ന് കുഞ്ഞിനെ കാണാന്‍ അനുപമക്ക് അനുമതി നല്‍കി. കുന്നുകുഴിയിലെ നിര്‍മല ശിശു ഭവനിലേക്ക് എത്താനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയ ഡിഎന്‍എ ഫലം ദത്ത് കൈകാര്യം ചെയ്യുന്ന കുടുംബ കോടതിയില്‍ സമര്‍പ്പിക്കും. ഡിഎന്‍എ ഫലം പോസിറ്റീവ് ആയ സാഹചര്യത്തില്‍ കുഞ്ഞിനെ സ്വതന്ത്രയാക്കി കൊണ്ടുള്ള ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്ന നടപടിയിലേക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കടക്കും. തുടര്‍ന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ സാധിക്കും.

കുടുംബ കോടതി നിര്‍ദേശ പ്രകാരം നവംബര്‍ 21നാണ് ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ കുഞ്ഞിനെ പ്രത്യേകസംഘം വിമാനമാര്‍ഗം കേരളത്തിലെത്തിച്ചത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തി ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ മേല്‍നോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. തുടര്‍ന്ന് കുഞ്ഞിനെ കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലേക്ക് മാറ്റി.

ഒക്ടോബര്‍ 14നാണ് താനറിയാതെ കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് ദത്ത് നല്‍കിയെന്ന ആരോപണവുമായി പേരൂര്‍ക്കട സ്വദേശി അനുപമ രംഗത്തെത്തിയത്.

Most Popular