Tuesday, June 15, 2021
Home News Kerala എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം; പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം; പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി. ഗോപിനാഥ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്.നേമം കാരയ്ക്കാമണ്ഡപത്ത് വച്ചാണ് വാഹനാപകടമുണ്ടായത്. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇത് വരെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വാഹനാപകടത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. അജ്ഞാത വാഹനം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി നേമം പോലീസ് പറഞ്ഞു.

ജയ് ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഭാരത് ലൈവ് എഡിറ്റോറിയല്‍ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഹെറാള്‍ഡ് ന്യൂസ് ടി വി, വെബ് ദുനിയ മലയാളം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

Most Popular