Thursday, December 2, 2021
HomeNewsKeralaതിരുവോണ ദിവസം കേരളത്തെ നടുക്കി മൂന്ന് കൊലപാതകങ്ങള്‍

തിരുവോണ ദിവസം കേരളത്തെ നടുക്കി മൂന്ന് കൊലപാതകങ്ങള്‍

തിരുവനന്തപുരം: തിരുവോണനാളില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി മൂന്ന് കൊലപാതകങ്ങള്‍. തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ അയല്‍വാസി കൊലപ്പെടുത്തി. തൃശൂരില്‍ വാടക തര്‍ക്കത്തിന്റെ പേരില്‍ യുവാവും ബന്ധുവുമായുണ്ടായ സംഘര്‍ഷത്തില്‍ മധ്യവയസ്‌കനും കൊല്ലപ്പെട്ടു.

തിരുവനന്തപുരത്ത് യുവതി അയല്‍വാസിയെ കല്ലെറിഞ്ഞാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രാജിയാണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. അയല്‍വാസിയും ബന്ധുവുമായ ഗിരീഷാണ് പ്രതി. കുടുംബപ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ തിരുവല്ലം പോലിസ് അറസ്റ്റ് ചെയ്തു. വഴക്കിനിടെ ഗിരീഷ് കല്ല് എടുത്ത് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തൃശൂര്‍ ചെന്ദ്രാപ്പിന്നിയില്‍ 52 വയസ്സുള്ള സുരേഷിനെ ബന്ധുവായ അനുപ് കുത്തിക്കൊന്നു. ഉത്രാട ദിനത്തില്‍ സുരേഷനും മദ്യലഹരിയില്‍ എത്തിയ അനൂപും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ പ്രതികാരമായി ഇന്ന് രാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അനൂപ് ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈക്കും കുത്തേറ്റ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാടക തര്‍ക്കത്തിന്റെ പേരിലാണ് ഇരിങ്ങാലക്കുടയില്‍ സൂരജ് എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സൂരജിന്റെ കുടുംബവും വീട്ടുടമയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. വീട്ടുടമയും സംഘവും ഇന്നലെ വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബത്തെ മര്‍ദ്ദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ സൂരജ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരിച്ചത്. സഹോദരന്‍ സ്വരൂപ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ 3 പേരെ കാട്ടൂര്‍ പോലിസ് കസ്റ്റിഡിയിലെടുത്തു.
ALSO WATCH

Most Popular