Saturday, April 17, 2021
Home Highlights അവര്‍ ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കട്ടെ; ലൗ ജിഹാദ് ഉയര്‍ത്തുന്നവരുടെ ലക്ഷ്യം രാഷ്ട്രീയം- തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത

അവര്‍ ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കട്ടെ; ലൗ ജിഹാദ് ഉയര്‍ത്തുന്നവരുടെ ലക്ഷ്യം രാഷ്ട്രീയം- തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത

തൃശൂര്‍: കേരളത്തില്‍ ലൗ ജിഹാദ് എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്ന് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. പരസ്പരം കണ്ട് ഇഷ്ടപ്പെടുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഷ്ട്രീയം ആണ് ഇതിനു പിന്നിലുള്ളത് എന്ന് ഞാന്‍ നൂറു ശതമാനവും വിശ്വസിക്കുന്നു. രാഷ്ട്രീയ താല്‍പ്പര്യത്തിന് അനുസരിച്ച് ഒരു സംജ്ഞയുണ്ടാക്കുകയും അതിന്റെ ലേബലില്‍ രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഒരു സമൂഹത്തിന് യോജിച്ച കാര്യമല്ല’ – മെത്രാപ്പോലീത്ത വ്യക്തമാക്കി.

‘വാസ്തവത്തില്‍ അപ്രസക്തമായ ഒരു വിഷയമായാണ് ഇതിനെ മനസ്സിലാക്കുന്നത്. മാറിയ ലോകത്ത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ധാരാളം പരിചയപ്പെടാനും ഇടപെടാനും സാധ്യതയുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സ്‌കൂള്‍ തലം മുതലേ ഇതുണ്ട്. ആ ഒരു സാഹചര്യത്തില്‍ അവര്‍ കാണുകയും ഇഷ്ടപ്പെടുകയും വിവാഹിതരാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എന്നാല്‍ കേരളത്തിലെ മത സാമൂഹിക പശ്ചാത്തലത്തില്‍ ഒരു പ്രത്യേക സാഹചര്യമുണ്ട്. ഏതെങ്കിലും ഒരു കുടുംബത്തില്‍ ആകുക എന്നുള്ളത് മാതാപിതാക്കളുടെ, സഹോദരങ്ങളുടെ എല്ലാം തുണ കിട്ടാന്‍ ആവശ്യമായ ഒരുകാര്യമാണ്. ചിലയിടങ്ങളില്‍ അതു വേണ്ടാന്ന് വയ്ക്കും. ചിലര്‍ അതു വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ ഒന്നുകില്‍ പെണ്‍കുട്ടി പുരുഷന്റെ മതത്തിലേക്കു മാറുകയോ അല്ലെങ്കില്‍ പുരുഷന്‍ പെണ്‍കുട്ടിയുടെ മതത്തിലേക്ക് മാറുകയോ ചെയ്യും. ഇതിനെ ഒരു കാരണവശാലും ലൗ ജിഹാദ് എന്ന പൊതു സംജ്ഞയ്ക്ക് അകത്ത് കൊണ്ടുവരാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല’ – ലൗ ജിഹാദിനെ കുറിച്ച് കേരളത്തിലെ ക്രിസ്ത്യാനികള്‍ സമുദായമായിട്ട് പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൗ ജിഹാദിനെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി തീരുമാനിച്ച സാഹചര്യത്തിലാണ് തൃശൂര്‍ മെത്രാപ്പോലീത്തയുടെ പ്രസ്താവന.
ALSO WATCH

Most Popular