Sunday, June 20, 2021
Home News Kerala കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്; 56 പേര്‍ക്ക് രോഗം സുഖപ്പെട്ടു

കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്; 56 പേര്‍ക്ക് രോഗം സുഖപ്പെട്ടു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് സുഖപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവരാണ്. യു.എ.ഇ.- 13, സൗദി അറേബ്യ- 5, നൈജീരിയ- 3, കുവൈത്ത്- 2 എന്നിങ്ങനെയാണ് പ്രവാസികളായ രോഗബാധിതരുടെ കണക്ക്. 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള 27 പേരുണ്ട്. ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ഇന്ന് ഒരു പ്രദേശത്തേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി ആണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Most Popular