Wednesday, July 6, 2022
HomeNewsKeralaഇന്ന് വിഷു; ആഘോഷം നിയന്ത്രണങ്ങളോടെ

ഇന്ന് വിഷു; ആഘോഷം നിയന്ത്രണങ്ങളോടെ

ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മ്മപ്പെടുത്തലുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളികള്‍. കൊല്ലവര്‍ഷം വരും മുന്‍പ് മലയാളിക്ക് ഇത് കാര്‍ഷിക വര്‍ഷപ്പിറവിയുടെ ദിനമായിരുന്നു. നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കളും ഐശ്വര്യം വിളിച്ചോതുന്ന സമൃദ്ധമായ വിളവെടുപ്പിനെയും അനുസ്മരിച്ച് സമ്പല്‍ സമൃദ്ധമായ പ്രകൃതിയുടെ കൊച്ചു രൂപമായി വിഷുക്കണിയൊരുക്കിയാണ് കേരളം വിഷു ആഘോഷിക്കുന്നത്.

പ്രത്യാശയ്ക്കുമേല്‍ കരിനിഴലായി കൊവിഡിന്റെ രണ്ടാം തരംഗം വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഇക്കുറിയും ആഘോഷങ്ങള്‍ വീടുകകളിലേക്ക് ചുരുങ്ങും. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൂട്ടായുളള ആഘോഷങ്ങള്‍ കുറയും. ആശങ്കകള്‍ ഒഴിഞ്ഞുളള നല്ലൊരു നാളേക്കായുളള കാത്തിരിപ്പ് കൂടിയാണ് മലയാളിക്ക് ഈ വിഷുദിനം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ 4 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ഓട്ടുരുളിയില്‍ കണിക്കൊന്ന, പുതുപ്പണം, അരി, ചക്ക, വെള്ളരിക്ക തുടങ്ങിയവയാണ് കണി വച്ചത്. നാലംബലത്തിന് പുറത്തു നിന്നാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ശബരിമലയില്‍ വിഷുകണി ദര്‍ശനത്തിനായി നട തുറന്നു. പുലച്ചെ 5 മണിക്ക് ശ്രീകോവിലില്‍ ദീപം തെളിച്ച് അയ്യപ്പനെ കണി കാണിച്ചു. 5.30 മുതല്‍ 7 വരെയാണ് ഭക്തര്‍ക്ക് വിഷു കണി ദര്‍ശനത്തിന് അനുമതി. തന്ത്രി കണ്ഠരര് രാജീവരരും, മേല്‍ശാന്തി വികെ ജയരാജ് പോറ്റിയും ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്‍കി.

 

Most Popular