Wednesday, December 1, 2021
HomeNewsKeralaപെട്രോളിനെയും കടത്തിവെട്ടി തക്കാളി; മുരിങ്ങക്കായയും അമരയും 100 കടന്നു

പെട്രോളിനെയും കടത്തിവെട്ടി തക്കാളി; മുരിങ്ങക്കായയും അമരയും 100 കടന്നു

തിരുച്ചി: അപ്രതീക്ഷിത മഴയിലുണ്ടായ കൃഷിനാശത്തെ തുടര്‍ന്ന് പച്ചക്കറി വില വാണം പോലെ കുതിക്കുന്നു. തക്കാളിക്കു പുറമേ മുരിങ്ങക്കായയും അമര പയറും വഴുതനയും 100 കടന്നു.

തമിഴ്‌നാട്ടില്‍ വിളവെടുക്കാനായ കൃഷിയുടെ വലിയൊരു ഭാഗം നശിച്ചുപോയതായി കര്‍ഷകര്‍ പറഞ്ഞു. തിരുച്ചിയിലെ പ്രധാന പച്ചക്കറി വിപണിയായ ഗാന്ധി മാര്‍ക്കറ്റില്‍ ദിവസേന 25 ലോറി തക്കാളി എത്തിയിരുന്നത് ഇപ്പോള്‍ 10 ലോറി മാത്രമാണ് എത്തുന്നതെന്ന് ഗാന്ധി മാര്‍ക്കറ്റ് ട്രേഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കമല കണ്ണന്‍ പറഞ്ഞു.

ഏതാനും ആഴ്ച്ചകളായി മറ്റ് പച്ചക്കറികളുടെ വരവും കാര്യമായി കുറഞ്ഞു. പ്രാദേശിക കൃഷി വലിയ തോതില്‍ നശിച്ചതോടെ വ്യാപാരികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് പച്ചക്കറി വരുത്തുന്നത്. എന്നാല്‍, ഇന്ധന വിലയും ഗതാഗത ചെലവും വര്‍ധിച്ചതും വില ഉയരാന്‍ കാരണമായി. പച്ചക്കറിക്ക് പ്രധാനമായും തമിഴ്‌നാടിനെ ആശ്രയിക്കുന്ന കേരളത്തിലും ഇതോടെ വില കുത്തനെ കൂടി.

അടുത്ത വിളവെടുപ്പ് കാലമായ ജനുവരി വരെ വില ഉയര്‍ന്നു തന്നെ തുടരാനാണ് സാധ്യതയെന്ന് തിരുച്ചിയിലെ പച്ചക്കറി മൊത്ത വ്യാപാരിയായ കണ്ണന്‍ പറഞ്ഞു. വില ഇപ്പോള്‍ പരമാവധി ആയിട്ടുണ്ട്. പച്ചക്കറി വരവ് സ്ഥിരത കൈവരിക്കുന്നതോടെ കുറയാനാണ് സാധ്യത.

തുടക്കത്തില്‍ ഉള്ളിക്കും തക്കാളിക്കും മാത്രമാണ് കൂടിയത്. ഇപ്പോള്‍ ഭൂരിഭാഗം പച്ചക്കറികളും വലിയ വിലയ്ക്കാണ് വില്‍ക്കുന്നത്. ഇനിയും വര്‍ധിക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുച്ചി മാര്‍ക്കറ്റിലെ പച്ചക്കറി വില(കിലോ)

മുരിങ്ങക്കായ- 150 രൂപ.
തക്കാളി- 130 രൂപ(സെക്കന്റ് ക്വാളിറ്റി-60)
വഴുതന- 80 മുതല്‍ 100 വരെ
അമര പയര്‍- 120 രൂപ
ബീന്‍സ്- 80 രൂപ
വെണ്ട- 80 രൂപ
പീച്ചിങ(നരമ്പന്‍)-70 രൂപ
പടവലം- 70 രൂപ
കോവയ്ക്ക- 70 രൂപ
പച്ചമുളക്- 60 രൂപ
കാരറ്റ്- 70 രൂപ
ഉരുളക്കിഴങ്ങ്- 50 രൂപ
ഉള്ളി- 40 മുതല്‍ 50 വരെ

 

Most Popular