റിയാദ് : പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ അകാല വേർപാടിൽ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി. പുരോഗമന ആശയങ്ങളോടും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും എന്നും ആഭിമുഖ്യമുണ്ടായിരുന്ന മനുഷ്യസ്നേഹിയായ കവിയായിരുന്നു പനച്ചൂരാൻ. അദ്ദേഹത്തിന്റെ കവിതകളിലെ പല വരികളും പുരോഗമന പ്രസ്ഥാനങ്ങൾക്ക് എന്നും ആവേശം ജനിപ്പിക്കുന്നതായിരുന്നു.
ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം’, എം.മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്നീ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച കവിയായിരുന്നു അനില്‍ പനച്ചൂരാൻ. അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം, പരുന്ത്, ഷേക്‌സ്പിയര്‍ എം.എ. മലയാളം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ എന്നിവയാണ് പ്രധാന കവിതകള്‍. ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്.
അനിൽ പനച്ചൂരാന്റെ അകാല നിര്യാണം മലയാള കവിതക്കും, സിനിമാഗാനങ്ങൾ ഇഷ്ടപെടുന്ന എല്ലാ മലയാളികൾക്കും ഒരു തീരാ നഷ്ടം തന്നെയായിരിക്കുമെന്ന് കേളിയുടെ സാംസ്കാരിക വിഭാഗത്തിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.