Sunday, September 26, 2021
Home Gulf Bahrain തിരുവനന്തപുരം-ബഹ്‌റയ്ന്‍ വിമാനം നാളെ; പ്രവാസികളുടെ കഴുത്തറുത്ത് ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം-ബഹ്‌റയ്ന്‍ വിമാനം നാളെ; പ്രവാസികളുടെ കഴുത്തറുത്ത് ടിക്കറ്റ് നിരക്ക്

മനാമ: ലോക്ക്ഡൗണിന് ശേഷം ആദ്യമായി ഒരു യാത്രവിമാനം നാളെ ഗള്‍ഫിലേക്ക് പറക്കുന്നു. ബഹ്‌റയ്‌നിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസിന് വിമാനം ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 3.30ന് ബഹ്‌റൈനില്‍ എത്തും. അവസരം മുതലെടുത്ത് കഴുത്തറുപ്പന്‍ നിരക്കാണ് വിമാനത്തിന് ഈടാക്കുന്നത്. ഇന്നലെ ടിക്കറ്റ് നിരക്ക് 45,350 രൂപയായി ഉയര്‍ന്നു.

ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കും സാധുവായ റസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കുമാണ് വിമാനത്തില്‍ യാത്ര അനുവദിച്ചിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ്‌റൈസിഡന്റ് പെര്‍മിറ്റ് സാധുവാണോ എന്ന് സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

അവധിക്ക് പോയി തിരിച്ചുവരാന്‍ പറ്റാതെ കുടുങ്ങിയവര്‍ക്ക് ആശ്വാസമാണ് വിമാന സര്‍വിസ് എങ്കിലും ടിക്കറ്റ് നിരക്കിലെ തീവെട്ടിക്കൊള്ളക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ബുക്കിങ് തുടങ്ങിയപ്പോള്‍ 31,700 രൂപയായിരുന്നു നിരക്ക്. അതാണ് ആവശ്യക്കാര്‍ ഉണ്ടെന്നു കണ്ടപ്പോള്‍ കുത്തനെ ഉയര്‍ത്തിയത്.

അതേസമയം, ബഹ്‌റൈനിലെ ജോലി സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാതെ ചെന്നാല്‍ അവിടെ പോയി കുടുങ്ങാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുമുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പല സ്ഥാപനങ്ങളും നിര്‍ബന്ധിത അവധിയും പിരിച്ചുവിടലും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തമായി അന്വേഷിക്കാതെ പോയാല്‍ പ്രതിസന്ധിയിലാവുമെന്നാണു മുന്നറിയിപ്പ്്.

Most Popular