തിരുവനന്തപുരം: കൊവിഡ് വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പറേഷനു കീഴിലെ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചകൂടി കര്‍ശന ലോക്ഡൗണ്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോര്‍ക്ക എന്നീ വകുപ്പുകള്‍ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ചു ജോലി ക്രമീകരിക്കണം. സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മാത്രം ആവശ്യമുള്ള ജീവനക്കാര്‍ (പരമാവധി 30 ശതമാനം) ഹാജരാകാന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താം. സമയബന്ധിതമായ ജോലികള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ഗവ. പ്രസ്സുകള്‍ക്കും പ്രവര്‍ത്തിക്കാം.
കേന്ദ്ര സര്‍ക്കാരിനു കീഴിലെ പ്രതിരോധം, എയര്‍പോര്‍ട്ട്, റെയില്‍വെ, പോസ്റ്റ് ഓഫിസ് അടക്കമുള്ള പൊതുജന സേവന സംവിധാനങ്ങള്‍, അവശ്യ സര്‍വീസുകള്‍ എന്നിവയ്ക്കു പ്രവര്‍ത്തനാനുമതിയുണ്ട്. കേരള സര്‍ക്കാരിനു കീഴില്‍ ജില്ലാ ഭരണകൂടം, ദുരന്തനിവാരണം, ആര്‍ഡിഒ ഓഫിസ്, താലൂക്ക്,വില്ലേജ് ഓഫിസുകള്‍, പൊലീസ്, ഹോം ഗാര്‍ഡ്, ഫയര്‍ഫോഴ്സ്, ജയില്‍ വകുപ്പ്, ട്രഷറി, ജല, വൈദ്യുതി വകുപ്പുകള്‍, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍(അവശ്യ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിക്കണം) എന്നിവ പ്രവര്‍ത്തിക്കും.
ഹൈവേ, പാലം, റോഡ് തുടങ്ങിയ അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് അനുവദിക്കും. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഡയറി, പൗള്‍ട്ടറി, വെറ്റിനറി, അനിമല്‍ ഹസ്ബന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. ടെക്ക്നോപാര്‍ക്കിലെ ഐടി വിഭാഗത്തിന് അവശ്യ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചു പ്രവര്‍ത്തിക്കാം. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ടാക്സികള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയ്ക്കു സര്‍വീസ് നടത്താം. മാധ്യമസ്ഥാപനങ്ങള്‍, ഡാറ്റസെന്റര്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ അവശ്യ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണം. ബാങ്കുകള്‍ 50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചു പ്രവര്‍ത്തിക്കണം. മറ്റ് പൊതു/സ്വകാര്യ ഓഫിസുകള്‍ വര്‍ക്ക് ഫ്രം ഹോം നയം സ്വീകരിക്കണം.
ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലബോറട്ടറികള്‍ തുടങ്ങിയ ആരോഗ്യ അനുബന്ധ സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം. മരുന്ന്, ജനകീയ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം എന്നിവ ഒഴികെ മറ്റൊന്നിനും ഡോര്‍ ഡെലിവറി അനുവദിക്കില്ല. പ്രദേശത്ത് മുന്‍നിശ്ചയിച്ചിട്ടുള്ള എല്ലാ പൊതു പരീക്ഷകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. പാല്,പലചരക്ക് കടകള്‍, ബേക്കറികള്‍, എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാലുമണി മുതല്‍ ആറുമണി വരെയും വില്പന നടത്താം. ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്നുമണിവരെ സ്റ്റോക്ക് സ്വീകരിക്കുന്നതിനു മാത്രം തുറന്നുപ്രവര്‍ത്തിക്കാം. രാത്രി ഒന്പതുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ നൈറ്റ് കര്‍ഫ്യു ആയിരിക്കും.
ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളായ പൂന്തുറ, പുത്തന്‍പള്ളി, മാണിക്യവിളാകം വാര്‍ഡുകള്‍ക്ക് പുതിയ ഇളവുകള്‍ ബാധകമായിരിക്കില്ല. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നീ വാര്‍ഡുകളാണു നിലവില്‍ ബഫര്‍ സോണുകള്‍. ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളില്‍ പാല്, പലചരക്ക് കടകള്‍, ബേക്കറി എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. മൊബൈല്‍ എടിഎം സൗകര്യം രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ലഭ്യമാകും. പാല്, പാല് ഉത്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത മില്‍മ ഉറപ്പാക്കും. വൈകിട്ട് ഏഴുമണിമുതല്‍ രാവിലെ അഞ്ച് മണിവരെ നൈറ്റ് കര്‍ഫ്യു ആയിരിക്കും. മെഡിക്കല്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ അനാവശ്യമായി ആരുംതന്നെ വീടിനു പുറത്തിറങ്ങരുതെന്നും അറിയിച്ചു.