തിരുവനന്തപുരം: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനെ വധിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്പി പറഞ്ഞു. ഗുഡാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായത്.
പ്രസാദിന് കൊലപാതകത്തില്‍ നിര്‍ണായകമായ പങ്കുണ്ടെന്നും ആസൂത്രണത്തിനടക്കം നേതൃത്വം നല്‍കിയത് പ്രസാദാണെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പ്രസാദാണ്. കൊലപാതകത്തില്‍ 10 പേര്‍ക്ക് പങ്കുള്ളതായാണ് കരുതുന്നത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായും എഡിജിപി പറഞ്ഞു.
അതേസമയം, ബിജെപി നേതാവ് അഡ്വ. രജ്ഞിത് ശ്രീനിവാസനെ വധിച്ച കേസില്‍ 12 പേര്‍ക്ക് പങ്കുള്ളതായാണ് പോലിസിന്റെ കണ്ടെത്തല്‍. അന്വേഷണം പുരോഗിക്കുകയാണെന്നും എഡിജിപി പറഞ്ഞു. ഈ കേസിലുള്‍പ്പെട്ടവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചനയും പോലിസ് നല്‍കുന്നുണ്ട്. ഇരു സംഭവങ്ങളിലുമായി 50ഓളം പേര്‍ ക്സ്റ്റഡിയില്‍ ഉള്ളതായി കഴിഞ്ഞ ദിവസം പോലിസ് പറഞ്ഞിരുന്നു.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ആലപ്പുഴയില്‍ എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടത്. എസ്ഡിപിഐ നേതാവ് ഷാന്‍ സ്‌കൂട്ടറില്‍ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 7.30 ഓടെ വെട്ടേറ്റ ഷാന്‍ മരിക്കുന്നത് രാത്രി 12.15 ഓടെയാണ്.
മണിക്കൂറുകള്‍ക്കകം, ഞായറാഴ്ച രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലാണ് ബിജെപി നേതാവ് അഡ്വ. രജ്ഞിത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്.