Saturday, July 31, 2021
Home News Kerala തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നടുറോഡില്‍ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നടുറോഡില്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. വെമ്പായം തേവലക്കാട് ഒഴിവുപാറ മിദ്‌ലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹഖ് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജങ്ഷനില്‍ ഞായറാഴ്ച്ച രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മിദ്‌ലാജും ഹഖും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിദ്‌ലാജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഹഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഡിവൈഎഫ്‌ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹഖ്. തേവലക്കാട് യൂനിറ്റ് അംഗമാണ് മിദ്‌ലാജ്. സംഭവത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ-സിപിഎം നേതൃത്വം ആരോപിച്ചു.

മൂന്നുപേര്‍ കസ്റ്റഡിയില്‍; കൊല ആസൂത്രിതമെന്ന് സൂചന

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറല്‍ എസ്.പി ബി അശോകന്‍ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് തേമ്പാംമൂട് നിന്ന് പോലിസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പോലിസ് പറഞ്ഞു.

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പുറത്തുവരുന്നതെന്ന് പോലിസ് പറയുന്നു. കൊല നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ചിരിക്കുന്നതായി വ്യക്തമായി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ ക്യാമറയാണ് ഇത്തരത്തില്‍ ദിശമാറ്റിയതായി കണ്ടെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് നല്‍കുന്ന സൂചന. മിദ്‌ലാജിന്റെ നെഞ്ചിലാണ് അക്രമികള്‍ കുത്തിയത്. ഹഖ് മുഹമ്മദിനെ ഒന്നിലേറെ തവണ വെട്ടിയാണ് കൊലപ്പെടുത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Most Popular