Sunday, July 25, 2021
Home News Kerala കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ മരിച്ച രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ മരിച്ച രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി. നിരീക്ഷണത്തില്‍ കഴിയവേ മരിച്ചവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ച കരിയാട് പുതിയ റോഡില്‍ കിഴക്കേടത്ത് മീത്തല്‍ സലീഖിനാണ് (24) കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നര മാസം മുമ്പ് അഹമ്മദാബാദില്‍ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം. മെയ് 13ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു സലീഖ്. ഇതിനിടെ രോഗലക്ഷണങ്ങള്‍ കണ്ടെങ്കിലും അധികൃതരുമായി ബന്ധപ്പെട്ടില്ലെന്ന് പരാതിയുണ്ട്. രോഗം കലശലായപ്പോഴാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഇടുക്കി ശാന്തന്‍പാറയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കം കൊവിഡ് സ്ഥിരീകരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തമിഴ്നാട്ടില്‍ നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 28നാണ് പാണ്ഡ്യന്‍ നാട്ടിലെത്തിയത്. പാസ് എടുക്കാതെ പച്ചക്കറി വണ്ടിയിലാണ് എത്തിയത്. അതുകൊണ്ടുതന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ താമസിച്ചു. തുടര്‍ന്ന് 14 ദിവസം നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് കടുത്ത ചുമ ഉള്‍പ്പെടെ ശാരീരിക അവശത അനുഭവപ്പെട്ടത്. തുടര്‍ന്ന് സ്രവം പരിശോധനക്ക് അയച്ചു. പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

Most Popular