കൊലപാതകത്തിന് പിന്നാലെ കാസര്‍കോഡ് കുമ്പളയില്‍ രണ്ട് യുവാക്കള്‍ തൂങ്ങിമരിച്ച നിലയില്‍

expatriates dead body

കാസര്‍കോട്: കുമ്പളയില്‍ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സ്വദേശികളായ റോഷന്‍ (21), മണി (19) എന്നിവരാണ് മരിച്ചത്. നായ്ക്കാപ്പിലെ ഹരീഷിനെ വെട്ടിക്കൊന്ന കേസില്‍ പോലീസ് തിരയുന്ന പ്രതിക്കൊപ്പമുണ്ടായിരുന്നവരാണ് ഇവരെന്ന് സംശയിക്കപ്പെടുന്നു. കുമ്പള കൃഷ്ണ നഗര്‍ എന്ന സ്ഥലത്ത് കുറ്റിക്കാട്ടിലാണ് രണ്ടുപേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് നായ്ക്കാപ്പിലെ ഓയില്‍ മില്‍ ജോലിക്കാരനായ ഹരീഷിനെ (38) വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ പോലീസ് സംശയിക്കുന്ന രണ്ടുപേരില്‍ ഒരാളുടെ കൂടെ റോഷനും മണിയും തിങ്കളാഴ്ച രാത്രി ഉണ്ടായിരുന്നത്തായി പറയുന്നു.

ഇവരെ ചാദ്യം ചെയ്യുമെന്ന ഭയമായിരിക്കാം ഇരുവരെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് ചുമടിറക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഹരീഷും മറ്റു ചിലരും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. കൊലയുമായി ബന്ധപ്പെട്ട് രണ്ടു പേരെയാണ് പോലീസ് തിരയുന്നത്. ഇതില്‍ ഒരാളുടെ സുഹൃത്തുക്കളാണ് മരിച്ച റോഷനും മണിയും.