Monday, September 27, 2021
Home News Kerala തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ വീണ്ടും കാണാതായി; പോലിസ് സ്‌റ്റേഷന് മുന്നില്‍ ഫോണും കുറിപ്പും

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ വീണ്ടും കാണാതായി; പോലിസ് സ്‌റ്റേഷന് മുന്നില്‍ ഫോണും കുറിപ്പും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് നടന്ന സമയത്ത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന സിവില്‍ പോലിസ് ഓഫീസര്‍ ജയഘോഷിനെ വീണ്ടും കാണാതായി. ഇതു രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. മാനസിക പ്രശ്‌നങ്ങള്‍ കാരണം മാറിനില്‍ക്കുന്നുവെന്ന് എഴുതിയ നോട്ടും സ്‌കൂട്ടറും മൊബൈല്‍ ഫോണും നേമം പോലിസ് സ്റ്റേഷന്‍ മുറ്റത്ത് കണ്ടെത്തി. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ തുടക്കത്തിലും ജയഘോഷിനെ കാണാതായിരുന്നു.

ജൂലൈയില്‍ ഒരു രാത്രി മുഴുവന്‍ കാണാതായ ജയഘോഷിനെ പിറ്റേദിവസം വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിന് ശേഷം സ്വര്‍ണക്കടത്തില്‍ ബന്ധമെന്ന് സംശയിച്ച് കസ്റ്റംസ് ചോദ്യം ചെയ്‌തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. പോലിസില്‍ നിന്ന് സസ്‌പെന്‍ഡും ചെയ്തു.

അതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ വീണ്ടും കാണാതായെന്ന് വീട്ടുകാര്‍ തുമ്പ പോലിസില്‍ പരാതി നല്‍കുന്നത്. രാവിലെ ഭാര്യയെ ഓഫിസില്‍ കൊണ്ടാക്കിയ ശേഷം വീട്ടിലെത്തിയിട്ടില്ല. ഫോണിലും ലഭിക്കാതായതോടെയാണ് പരാതി നല്‍കിയത്. അതിനിടെ നേമം പൊലിസ് സ്റ്റേഷന്‍ മുറ്റത്ത് നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തി. മൊബൈല്‍ ഫോണും ഒരു കുറിപ്പും സ്‌കൂട്ടറിലുണ്ടായിരുന്നു. മാനിസകമായി നല്ല സുഖത്തിലല്ല, റിലാക്‌സാകാനായി മാറിനില്‍ക്കുന്നു. അരുതാത്തതൊന്നും ചെയ്യില്ല. അതിനാല്‍ പേടിക്കേണ്ടെന്നാണ് കുറിപ്പിലുള്ളത്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി.

 

Most Popular