Monday, October 25, 2021
HomeNewsKeralaകേരളത്തെ ഞെട്ടിച്ച കേസില്‍ തെളിവായത് ഈ ചിത്രം; കൃത്യം നടത്തിയത് പഴുതടച്ച ആസൂത്രണത്തിനൊടുവില്‍

കേരളത്തെ ഞെട്ടിച്ച കേസില്‍ തെളിവായത് ഈ ചിത്രം; കൃത്യം നടത്തിയത് പഴുതടച്ച ആസൂത്രണത്തിനൊടുവില്‍

കൊല്ലം: കേരള പോലിസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതായ പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകത്തില്‍(snake bite murder) നിര്‍ണായകമായത് ചില ചിത്രങ്ങളും സാഹചര്യത്തെളിവുകളും.

സാക്ഷികളില്ലാത്ത ഉത്ര കേസില്‍(Uthra murder case) സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചായിരുന്നു എസ്പി ഹരി ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം. പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷ് മുതല്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ റിസര്‍ച് കേന്ദ്രം വരെ അന്വേഷണത്തിന്റെ ഭാഗമായി. വെല്ലുവിളി നിറഞ്ഞതായിരുന്നു അന്വേഷണം. വിഷയ വിദഗ്ധരെ ഉള്‍പ്പെടുത്തി പല സംഘങ്ങള്‍ രൂപീകരിച്ചു.

സൂരജ് നാട്ടുകാര്‍ക്കു മുന്നില്‍ നടത്തിയ പാമ്പ് പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കേസ് അന്വേഷണത്തിന് ഏറെ സഹായമായത് . തുടര്‍ന്ന് അന്വേഷണം പാമ്പ് പിടുത്തക്കാരന്‍ ചാത്തന്നൂര്‍ ചാവരുകാവ് സ്വദേശി സുരേഷിലേക്ക് എത്തി. രണ്ടു പാമ്പുകളെ സൂരജിനു വിറ്റെന്ന് സുരേഷ് സമ്മതിച്ചതോടെ കൊലപാതകമാണെന്ന സൂചനയായി . ഇതോടെ സൂരജ് നിരീക്ഷണത്തിലായി. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്റെ ജഡം വിദഗ്ധരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തും തെളിവുകള്‍ ശേഖരിച്ചിരുന്നു.

ഏഴ് ദിവസം പാമ്പിന് ഭക്ഷണം നല്‍കിയില്ല
SOORAJ
കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന അണലിയും മൂര്‍ഖനുമായി സൂരജ് നില്‍ക്കുന്ന ചിത്രങ്ങള്‍ നിര്‍ണായകമായി തെളിവായി. ജന്തുമൃഗ പരിപാലനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലബ്ബുകളില്‍ സൂരജ് അംഗമായിരുന്നു. പാമ്പിന്റെ തലയ്ക്കടിച്ച് പ്രകോപിപ്പിച്ച് കടിപ്പിച്ചെന്നും ശാസ്ത്രീയമായി പൊലീസ് തെളിയിച്ചു. ഏഴു ദിവസം പാമ്പിനു ഭക്ഷണം കൊടുത്തിരുന്നില്ല. ഭക്ഷണം നല്‍കാതെ പാമ്പിനെ കുപ്പിയില്‍ സൂക്ഷിച്ചതായി ചോദ്യം ചെയ്യലില്‍ സൂരജ് പറഞ്ഞിരുന്നു.

മാസങ്ങള്‍ നീണ്ട ആസൂത്രണം
മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണം നടത്തിയാണ് ഭിന്നശേഷിക്കാരിയായ ഭാര്യയെ കൊലപ്പെടുത്താനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി സൂരജ് പദ്ധതി തയ്യറാക്കിയത്. ഉത്രയെ കൊലപ്പെടുത്താനായി രണ്ടുവട്ടം അണലിയെ ഉപയോഗിച്ച സൂരജ് പിന്നെ മൂര്‍ഖനെ ഉപയോഗിച്ചാണ് കൃത്യം നിര്‍വഹിച്ചത്. പാമ്പുകളെ പറ്റിയും പാമ്പുപിടിത്തക്കാരന്‍ ചാവര്‍കാവ് സുരേഷിനെപ്പറ്റിയും സൂരജ് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു.

2020 ഫെബ്രുവരി 12 മുതല്‍ സുരേഷുമായി ബന്ധംസ്ഥാപിച്ചു. ഇരുവരും 18-ന് ചാത്തന്നൂരില്‍വച്ച് നേരില്‍ കാണുകയും ചെയ്തിരുന്നു. ഫെബ്രുവരി 24-നാണ് കല്ലുവാതുക്കല്‍ ഊഴായിക്കോടുവെച്ച് സുരേഷ് അണലിയെ സൂരജിനു കൈമാറിയത്. വിലയ്ക്കുവാങ്ങിയ അണലിയെ ആരും കാണാതെ പറക്കോട്ടെ വീടിന്റെ കോണിപ്പടിയില്‍ ഉപേക്ഷിച്ചു. പിന്നീട് ഉത്രയോട് മുകളിലെ മുറിയില്‍നിന്ന് തന്റെ ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഫോണെടുക്കാന്‍ പോയ ഉത്ര പാമ്പിനെക്കണ്ട് നിലവിളിച്ചു. പദ്ധതി പാളിയപ്പോള്‍ സൂരജ് പാമ്പിനെ ചാക്കിലാക്കി പുറത്തേക്ക് കൊണ്ടുപോയി.

ഒരേ അണലിയെക്കൊണ്ട് രണ്ടാം തവണ
UTHRA AND SOORAJ

ഉപേക്ഷിക്കാനെന്നുപറഞ്ഞ് കൊണ്ടുപോയ ഇതേ പാമ്പിനെക്കൊണ്ടാണ് സൂരജ് 2020 മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചത്. അന്ന് വീട്ടുകാര്‍ ഓടിച്ചെന്നതിനാല്‍ പെട്ടെന്നുതന്നെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 55 ദിവസത്തോളം ഉത്ര ചികിത്സയില്‍ കഴിഞ്ഞു. ആ സമയത്താണ് മൂര്‍ഖനെ ആയുധമാക്കാന്‍ സൂരജ് തീരുമാനിക്കുന്നത്. ഉത്രയെ അണലി കടിച്ചതിന് രണ്ടുമാസം മുന്‍പു മുതല്‍ സൂരജ് യൂട്യൂബില്‍ അണലിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തിരഞ്ഞിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

മൂര്‍ഖന്‍ പാമ്പിനെ തിരഞ്ഞത് ഉത്ര ആശുപത്രിയിലായിരിക്കേ
അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയില്‍ കിടക്കുമ്പോള്‍ത്തന്നെ സൂരജ് മൂര്‍ഖന്‍പാമ്പിനെ തിരഞ്ഞുതുടങ്ങിയത് മനുഷ്യത്വത്തിന്റെ ഒരളവുകോലുകൊണ്ടും അളക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും ചാവര്‍കാവ് സുരേഷിനെ വിളിച്ചതും മൂര്‍ഖനെ ആവശ്യപ്പെട്ടതും തിരുവല്ലയിലെ ആശുപത്രിയില്‍ ഇരുന്നുകൊണ്ടുതന്നെയാണ്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഇതിനു തെളിവാണ്.
UTHRA MURDER DUMMYഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നത്. രണ്ടുതവണയും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ പ്രതി തയ്യാറായില്ല. ഉത്രയ്ക്ക് എങ്ങനെയാണ് 2020 മാര്‍ച്ച് മൂന്നിന് പാമ്പുകടിയേറ്റതെന്നോ എത്ര മണിക്കാണ് കടിച്ചതെന്നോ സൂരജ് കോടതിയില്‍ പറഞ്ഞില്ല.

മുഖ്യമന്ത്രിക്ക് സൂരജ് നല്‍കിയ പരാതിയില്‍ 2020 മാര്‍ച്ച് മൂന്നിന് രാത്രി ഒന്നിന് ഭാര്യയ്ക്ക് കാലുവേദനയുണ്ടായെന്ന് പറയുന്നു. അന്നു പുലര്‍ച്ചെ 2.54-നു മാത്രമാണ് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സുഹൃത്ത് സുജിത്തിനോട് ആവശ്യപ്പെടുന്നത്.

വേദനകൊണ്ടുപുളയുന്ന ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസിപ്പിച്ചത് മരണം ഉറപ്പാക്കാനായിരുന്നു. വീട്ടില്‍ രണ്ടു വാഹനം ഉണ്ടായിട്ടും സൂരജ് സ്വയം ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. കോടതിയില്‍ നല്‍കിയ വിശദീകരണം താനന്ന് മദ്യപിച്ചിരുന്നെന്നാണ്. ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍പോലും വാഹനമോടിക്കില്ല എന്ന വാദം സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്.

കൈയില്‍ പാടുണ്ട് നോക്കണേ…
മെയ് ആറിന് കൃത്യം നടത്തിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം സൂരജും ചേര്‍ന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കു ഉത്രയെ കൊണ്ടുപോയത്. ഡോക്ടറുടെ മുറിയിലേക്കു ചെന്ന സൂരജ് ‘കൈയില്‍ പാടുണ്ട്, നോക്കണേ’ എന്നുപറഞ്ഞു. ഇറങ്ങിവന്നിട്ട് പാമ്പുകടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞെന്ന് ഉത്രയുടെ മാതാപിതാക്കളോടു പറഞ്ഞു. ഉത്രയുടെ സഹോദരന്‍ വിഷുവിനെയും കൂട്ടി വീട്ടിലേക്കു പോയി. കിടപ്പുമുറിയില്‍ കയറി വിഷുവിനോട് അലമാരയുടെ താഴെ പാമ്പുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. വിഷുവാണ് പാമ്പിനെ തല്ലിക്കൊന്നത്.

എടിഎമ്മിലെ വീഡിയോ ദൃശ്യം
UTHRA AND SOORAJ1

പാമ്പിനെ കൊണ്ടുവന്ന കറുത്ത തോള്‍സഞ്ചി തന്റേതല്ലെന്ന് വിചാരണവേളയില്‍ പ്രതി പറഞ്ഞിരുന്നു. 2020 മേയ് ആറിനാണ് ഉത്രയുടെ വീട്ടിലേക്ക് സൂരജ് കറുത്ത ബാഗ് കൊണ്ടുവന്നത്. ഇതിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്. അന്ന് 11.30-ന് ഇതേ ബാഗ് ധരിച്ച് ഏഴംകുളം സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് സൂരജ് പണം പിന്‍വലിക്കുന്ന വീഡിയോദൃശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 2020 ഏപ്രില്‍ 24-ന് ചാവര്‍കാവ് സുരേഷ് കൈമാറിയ പാമ്പിനെ ഇതേ ബാഗിലാണ് കൊണ്ടുപോയത്.

പുറത്തെറിഞ്ഞ കുപ്പി പിന്നീട് കണ്ടെടുത്തു. ഇതില്‍ പാമ്പിന്റെ അടയാളങ്ങള്‍ കണ്ടുകിട്ടി. 2020 മേയ് ഏഴിന് പതിവില്ലാതെ അതിരാവിലെ സൂരജ് ഉണര്‍ന്ന്, മരിച്ചുകിടന്ന ഉത്രയെ നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങിയെന്നത് സംശയം ജനിപ്പിക്കുന്ന പ്രവൃത്തിയാണ്. ഉത്രയ്ക്ക് രണ്ടുതവണ പാമ്പുകടിയേറ്റപ്പോഴും മയക്കുമരുന്നുകള്‍ നല്‍കിയിരുന്നെന്ന് ശാസ്ത്രീയ തെളിവുകള്‍കൊണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് സമര്‍ഥിച്ചു.
ALSO WATCH

Most Popular