സൂപ്പര്‍ സൈക്ലോണായി അംപന്‍; ഒഡിഷയും പശ്ചിമബംഗാളും ഭീതിയുടെ മുള്‍മുനയില്‍; കേരളത്തിലും ജാഗ്രത

umoun super cyclone amphan

ന്യൂഡല്‍ഹി: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘അംപന്‍'(Um-Pun) ചുഴലിക്കാറ്റ് അതിവേഗം സൂപ്പര്‍ സൈക്ലോണായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാറ്റ് മണിക്കൂറില്‍ 222 കിലോമീറ്ററിലേറെ വേഗത കൈവരിക്കുന്ന സൂപ്പര്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.

ഒഡീഷയിലെ പരാദീപ് തീരത്തുനിന്ന് ഏകദേശം 780 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 930 കി.മീയും ദൂരെയാണ് ഇപ്പോള്‍ കാറ്റ്. അടുത്ത ആറു മണിക്കൂറില്‍ ഇത് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 167കി.മീ മുതല്‍ 221 കിമീ വരെ ആകുന്നതിനെയാണ് അതിതീവ്ര ചുഴലിക്കാറ്റ്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 222 കി.മീയുടെ മുകളിലാകുന്നതിനെയാണ് സൂപ്പര്‍ ചുഴലിക്കാറ്റെന്ന് (Super Cyclonic Storm) വിളിക്കുന്നത്.

അടുത്ത 24 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കും. മെയ് 20 ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകള്‍ എന്നിവയ്ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒഡീഷ – പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ അതിജാഗ്രത തുടരുകയാണ്. തീരമേഖലയിലുളളവരെ ഒഴിപ്പിക്കുന്നു. ദുരന്തനിവാരണസേനയുടെ 20 സംഘങ്ങളെ ഒഡിഷയില്‍ വിന്യസിച്ചു. 685 അംഗ സേനയെ ബംഗാളില്‍ നിയോഗിച്ചു. പ്രത്യേക ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. അപായ സാധ്യത മേഖലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി.

ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലും ജാഗ്രതാ നിര്‍ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട അംപന്‍ സൂപ്പര്‍ സൈക്ലോണിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ മറ്റു 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും വ്യാഴാഴ്ച കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളതീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് അറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

Cyclone Umpun over Bay of Bengal: Kerala to receive heavy rainfall