Sunday, September 26, 2021
Home News Kerala പാവപ്പെട്ട പ്രവാസികള്‍ക്ക് വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് ടിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി

പാവപ്പെട്ട പ്രവാസികള്‍ക്ക് വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് ടിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി

ദോഹ: സാമ്പത്തികപ്രയാസം നേരിടുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലുമുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ച് ടിക്കറ്റിന് പണം നല്‍കണമെന്ന് കേരള ഹൈക്കോടതി. ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ടിക്കറ്റെടുക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും പ്രവാസി സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്‍ ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.

വിദേശത്തുള്ള മുഴുവന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും വിധി ബാധകമാണ്. പാവപ്പെട്ട തൊഴിലാളികള്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടി ടിക്കറ്റിന് പണം ആവശ്യപ്പെട്ടാല്‍ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും നല്‍കേണ്ടിവരും. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സഹായം തേടുന്നതായിരുന്നു ഹരജിയെങ്കിലും കോടതി വിധി ഫലത്തില്‍ എക്കാലത്തേക്കുമുള്ളതായി മാറുകയാണ്.

കേന്ദ്രസര്‍ക്കാറിനെയും സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളെയും ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും എതിര്‍ കക്ഷികളാക്കി മേയ് 15നാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വടകര പാലോളിത്താഴയില്‍ ജിഷ, തിരുവനന്തപുരം മടവൂര്‍ പുലിയൂര്‍ക്കോണത്ത് ഷീബ മന്‍സിലില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നീ വ്യക്തികളും റിയാദിലെ ‘ഇടം’ സാംസ്‌കാരികവേദി, ദുബയിലെ ‘ഗ്രാമം’, ദോഹയിലെ ‘കരുണ’ എന്നീ സംഘടനകളുമായിരുന്നു ഹരജിക്കാര്‍.

എംബസികളിലെ സാമൂഹിക ക്ഷേമനിധി ഈ ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച കോടതി ഹര്‍ജിയിന്മേല്‍ അന്തിമവിധി പുറപ്പെടുവിച്ചത്. ക്ഷേമ നിധി അതത് ഇന്ത്യന്‍ എംബസികളുടെ പൂര്‍ണ നിയന്ത്രണത്തിലാണെങ്കിലും പലപ്പോഴും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഞൊണ്ടി ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്. ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കു രൂപീകരിച്ച ഫണ്ട് എംബസികള്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ വീഡിയോ റിപോര്‍ട്ട് ഗള്‍ഫ് മലയാളി പുറത്തുവിട്ടിരുന്നു.

<div class=”youtube-responsive-container”>

<iframe width=”560″ height=”315″ src=”https://www.youtube.com/embed/G9Gy8mvrKe8″ frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe></div>

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പണമില്ലെന്ന് പറഞ്ഞ് സമീപിക്കുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് ടിക്കറ്റിന് പണം നല്‍കാന്‍ എംബസികളും കോണ്‍സുലേറ്റുകളും ബാധ്യസ്ഥമാകും. സാമ്പത്തികശേഷി ഇല്ല എന്നു ബോധിപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിനുള്ള അപേക്ഷയും പാസ്‌പോര്‍ട്ട് കോപ്പിയും വിസ (ഫൈനല്‍ എക്‌സിറ്റ്, എക്‌സിറ്റ് / റീ-എന്‍ട്രി) കോപ്പിയും അതത് രാജ്യത്തെ തൊഴില്‍/താമസ ഐഡി കോപ്പിയും അപേക്ഷകരുടെ മൊബൈല്‍ നമ്പറും സഹിതം പ്രവാസികള്‍ക്ക് അതത് എംബസി/കോണ്‍സുലേറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷ കിട്ടിയാല്‍ ഉടനെ തന്നെ എംബസി അധികൃതര്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. പി ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ ജോര്‍ജ്, അഡ്വ. ആര്‍ മുരളീധരന്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.

use indian community welfare fund for expats flght ticker says kerala high court

Most Popular