Friday, October 22, 2021
HomeNewsKeralaഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരന്‍; പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ കേസ്

ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരന്‍; പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ കേസ്

കൊല്ലം: കേരളത്തെ അമ്പരപ്പിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരനാണെന്നു കോടതി. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജിന്റേതാണു വിധി. വിധി കേള്‍ക്കാന്‍ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. തനിക്ക് ഒന്നും പറയാനില്ലെന്ന് വിധിയോട് പ്രതികരിച്ച് പ്രതി മറുപടി നല്‍കി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്‍, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വാദിച്ചു. അഞ്ചല്‍ ഏറം ‘വിഷു’വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്രയ്ക്ക് (25) 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണു രാജ്യത്തുതന്നെ അപൂര്‍വമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനെ കണ്ടതോടെ, ലോക്കല്‍ പോലിസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.

ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്.

ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിന്റെ(വാവ സുരേഷ്) കയ്യില്‍നിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്. ഉത്ര വധക്കേസ് ഫൊറന്‍സിക് സയന്‍സില്‍ പുതിയ അധ്യായത്തിനും വഴിതെളിച്ചു.

സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. പാമ്പുകടിച്ചത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം. ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പഠനം തുടങ്ങി. ഇന്ത്യയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍പുണ്ടായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു.

 

Most Popular