Tuesday, May 18, 2021
Home News Kerala വൈഗയുടെ ദുരൂഹ മരണം; പിതാവ് സനുമോഹന്‍ പിടിയില്‍

വൈഗയുടെ ദുരൂഹ മരണം; പിതാവ് സനുമോഹന്‍ പിടിയില്‍

കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ പിടിയില്‍.  മൂകാംബികയില്‍ ആറ് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷം ബസ് മാര്‍ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പോലിസ് വലയിലായത്. ഉത്തര കന്നഡ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. സനു മോഹൻ കൊല്ലൂരിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽനിന്നുള്ള അന്വേഷണ സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാൾ കൊല്ലൂരിൽനിന്നു മുങ്ങിയതായി വ്യക്തമായതോടെ കേരള പൊലീസ് അന്വേഷണത്തിനു കർണാടക പൊലീസിന്റെ സഹായം തേടി. തുടർന്നു കാർവാറിൽ കർണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ കേരള പൊലീസിനു കൈമാറി.

സനു മോഹനായി പോലിസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. മൂകാംബികയ്ക്ക് സമീപമുള്ള വനത്തിലും, ഗോവ, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലും പരിശോധന നടത്തിയിരുന്നു.

അതേസമയം, മരിച്ച വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന രാസപരിശോധനഫലം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആല്‍ക്കഹോള്‍ സാന്നിധ്യമുളള ഭക്ഷ്യവസ്തു നല്‍കി മയക്കിയ ശേഷം പുഴയില്‍ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്.

അടിമുടി ദുരൂഹത
കഴിഞ്ഞ 22നാണ് മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ 13കാരിയായ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേ ദിവസം രാത്രി പിതാവ് സനു മോഹനൊപ്പം ആലപ്പുഴയിലെ ബന്ധു വീട്ടില്‍നിന്നു കാക്കനാട്ടെ കങ്ങരപ്പടിയിലുള്ള ഹാര്‍മണി ഫ്‌ളാറ്റിലെത്തി. അവിടെനിന്നു പുറത്തു പോകുകയും ഇരുവരെയും കാണാതാകുകയുമായിരുന്നു.

ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വൈഗയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഗയെ കൊലപ്പെടുത്തിയത് സനുമോഹന്‍ തന്നെയാണോ വേറെയാരെങ്കിലും സംഭവത്തിന് പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ വെളിപ്പെടണമെങ്കില്‍ സനുമോഹനെ ചോദ്യം ചെയ്യണം. വൈഗയെ പിതാവ് സനുതന്നെ അപായപ്പെടുത്തിയതാകാമെന്ന ബലമായ സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. വൈഗയുടെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വാഭാവികമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്.

കോയമ്പത്തൂരിലും ചെന്നൈയിലും പുണെയിലുമൊക്കെ സാമ്പത്തിക ഇടപാടുകളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളുമൊക്കെയുള്ളയാളാണു സനു മോഹൻ. ഇത്തരം സംഘങ്ങൾ വൈഗയെയും സനു മോഹനെയും അപായപ്പെടുത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

സിനിമാ മോഹങ്ങളുള്ള പെണ്‍കുട്ടി
‘ബില്ലി’ എന്ന സിനിമയില്‍ മികച്ച അഭിനയമാണ് വൈഗ കാഴ്ച വച്ചത്. മൂന്നു പെണ്‍കുട്ടികളുടെ കഥ പറയുന്ന ബില്ലിയിലെ മുഖ്യ കഥാപാത്രങ്ങളായ മൂന്നു പേരില്‍ ഒരാളാണ് വൈഗ അഭിനയിച്ച കഥാപാത്രം. ഐഎംപിയുടെ നിര്‍മാണത്തില്‍ നാലു സംവിധായകരുടെ അഞ്ചു സിനിമകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന ‘ചിത്രഹാര്‍’ എന്ന സിനിമയിലെ ഒരു ചിത്രമാണ് ബില്ലി.

 

Most Popular