കല്‍പ്പറ്റ: വൈത്തിരിയില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ വെടിയുതിര്ത്തിട്ടില്ലെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. പോലിസ് പരിശോധനയ്ക്ക് അയച്ച ജലീലിന്റേതെന്ന് പറയുന്ന തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് കണ്ടെത്തല്‍.
ഇതോടെ വ്യാജ ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന വാദം വീണ്ടും ശക്തമാവുകയാണ്. ജലീല്‍ വെടിയുതിര്‍ത്തപ്പോഴാണ് തിരികെ വെടിവച്ചതെന്നായിരുന്നു പോലിസ് നേരത്തെ പറഞ്ഞത്. 2019 മാര്‍ച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിലാണ് ജലീല്‍ കൊല്ലപ്പെടുന്നത്.
ജലീലിന്റെ വലതുകയ്യില്‍ വെടിമരുന്നിന്റെ അംശം ഇല്ല. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ പോലിസിന്റെ തോക്കില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. ഇത് ജലീലിന്റെ ബന്ധുക്കള്‍ക്ക് ലഭ്യമായതോടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്.
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് അന്ന് തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഒറ്റ പോലിസുകാരനും പരിക്കേറ്റിട്ടില്ലെന്നതും ദൂരൂഹത ഉയര്‍ത്തിയിരുന്നു. ഇതോടെ കേരളത്തില്‍ നടന്ന മറ്റ് മാവോവാദി വിരുദ്ധ ഓപറേഷനുകളും സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്.