മൂവാറ്റുപുഴ: പിതാവിന്റെ മരണാനന്തര ചടങ്ങിന് വിദേശത്ത് നിന്നെത്തിയ മകന് ഏറെ നേരം മൃതദേഹത്തിനരികില്‍ ചെലവഴിച്ചത് പൊലീസിനെയും ബന്ധുക്കളെയും കുഴക്കി. മൂവാറ്റുപുഴ വാളകത്ത് തിങ്കളാഴ്ചയാണ് സംഭവം. ഖത്തറില്‍ നിന്നെത്തിയ യുവാവ് പ്രത്യേക അനുമതി നേടിയാണ് ക്വാറന്റീന് സെന്ററിലേക്കു പോകാതെ വാളകത്തെ വീട്ടില്‍ പിതാവിന്റെ മൃതദേഹം കാണാനെത്തിയത്.
മൃതദേഹം കണ്ട് അപ്പോള്‍ തന്നെ ക്വാറന്റീനില്‍ പോകാമെന്ന് പറഞ്ഞതിനാലാണ് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കുള്ള പ്രത്യേക പാസ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ലഭ്യമാക്കിയത്. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് മകന് വീട്ടിലെത്തിയത്. എന്നാല്‍, തിരിച്ചു പോകാതെ ഇയാള്‍ വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം മൃതദേഹത്തിന് സമീപം ചിലവഴിച്ചതോടെ ബന്ധുക്കള്‍ക്ക് അടക്കം അന്ത്യദര്‍ശനത്തിന് സാധിച്ചില്ല.
ബന്ധുക്കള്‍ക്ക് കാണാന്‍ സൗകര്യമൊരുക്കാന്‍ ഇയാള്‍ തിരിച്ചുപോകണമെന്ന് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യുവാവ് അവഗണിക്കുകയായിരുന്നു. ഒടുവില്‍ മൃതദേഹത്തിനരികില്‍ തുടരുകയാണെങ്കില്‍ സംസ്കാര ചടങ്ങുകള്‍ നടത്താനാകില്ലെന്ന് പൊലീസ് കര്‍ശന നിലപാടെടുത്തതോടെയാണ് യുവാവ് തിരിച്ചു പോയത്.