Tuesday, September 21, 2021
Home News Kerala മൂത്രമൊഴിക്കാന്‍ മുഖ്യമന്ത്രിയെ വിളിക്കേണ്ട ദുരവസ്ഥ; വന്ദേഭാരത് മിഷന്റെ ദുരിതം വിവരിച്ച് ഖത്തറില്‍ നിന്നു മടങ്ങിയ പ്രവാസികള്‍...

മൂത്രമൊഴിക്കാന്‍ മുഖ്യമന്ത്രിയെ വിളിക്കേണ്ട ദുരവസ്ഥ; വന്ദേഭാരത് മിഷന്റെ ദുരിതം വിവരിച്ച് ഖത്തറില്‍ നിന്നു മടങ്ങിയ പ്രവാസികള്‍ (Gulf Malayalay Exclusive Video)

ദോഹ: വന്ദേഭാരത് മിഷനില്‍ നേരിടേണ്ടി വരുന്നത് വലിയ ദുരിതമെന്ന് നാട്ടിലേക്ക മടങ്ങിയ പ്രവാസികള്‍. ഖത്തറില്‍ നിന്ന് ഇന്നലെ തിരുവന്തപുരത്തേക്കുള്ള വിമാനത്തില്‍ പോയവര്‍ക്കാണ് കൊടുംപീഢനം നേരിടേണ്ടിവന്നത്. മൂത്രമൊഴിക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ട അവസ്ഥയാണ് വന്നതെന്ന് യാത്രക്കാരില്‍ ഉണ്ടായിരുന്ന കാസര്‍കോഡ് സ്വദേശി റഷീദ് ഗള്‍ഫ് മലയാളിയോട് പറഞ്ഞു.

181 യാത്രക്കാരുമായി ഇന്നലെ രണ്ട് മണിക്കൂര്‍ വൈകിയാണ് ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. അര്‍ധരാത്രിയോടെയാണ് വിമാനം തിരുവനന്തപുരത്തെത്തിയത്. കുവൈത്തില്‍ നിന്ന് വിസിറ്റ് വിസയിലെത്തിയ രണ്ടു മാസം ഖത്തറില്‍ കുടുങ്ങിയാണ് റഷീദ് നാട്ടിലേക്കു പോയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം ഇരുത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്.

 

ഒട്ടും ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് അവിടെ നല്‍കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. പ്രവാസികള്‍ക്ക് നല്‍കിയ സിം കാര്‍ഡ് ആക്ടിവേറ്റ് ആയിരുന്നില്ല. കെഎസ്ആര്‍ടിസി ബസ്സിലാണ് പുറപ്പെട്ടത്. ബസ്സില്‍ കോഴിക്കോട്ടേക്കുള്ള സ്ത്രീകളും രോഗികളും ഉള്‍പ്പെടെ ഉണ്ടായിരുന്നു. വഴിയില്‍ പല തവണ മൂത്രമൊഴിക്കാന്‍ സൗകര്യമുള്ളിടത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. വിവിധ ജില്ലകളിലെ ക്വാന്റൈന്‍ കേന്ദ്രങ്ങള്‍ക്കു സമീപം ബസ്സ് നിര്‍ത്തിയെങ്കിലും അവിടെ ഇറങ്ങേണ്ടവരെ അല്ലാതെ മറ്റുള്ളവരെ ഇറങ്ങി മൂത്രമൊഴിക്കാന്‍ അനുമതി നല്‍കിയില്ല. കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലാ കലക്ടര്‍മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഒടുവില്‍ കാസര്‍കോഡ് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെ ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ച് ഇടപെട്ടാണ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തി മൂത്രമൊഴിക്കാന്‍ അനുമതി നല്‍കിയതെന്ന് റഷീദ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ബസ്സില്‍ വെള്ളത്തിനോ ഭക്ഷണത്തിനോ സൗകര്യമുണ്ടായിരുന്നില്ല. പുറത്തിറങ്ങി ഭക്ഷണം കഴിക്കാനും അനുവദിക്കാത്ത സാഹചര്യമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

ഇതിനെതിരേ പ്രതികരിച്ചപ്പോള്‍ കൂടുതല്‍ സംസാരിച്ചാല്‍ ഇവിടെ ക്വാറന്റൈന്‍ ചെയ്യുമെന്ന് ഡിവൈഎസ്പിയുടെ ഭീഷണി. വെള്ളംകുടിക്കാന്‍ മാസ്‌ക്ക ഊരിയപ്പോള്‍ പോലിസുകാര്‍ കടുത്ത തെറി കൊണ്ട് അഭിഷേകം ചെയ്തതായും യാത്രാക്കാരില്‍ ഒരാള്‍ പ്രതികരിച്ചു.

Most Popular