Sunday, August 1, 2021
Home News Kerala വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവൈരം തന്നെ; ഗൂഢാലോചന നടന്നത് മുത്തിക്കാവ് ഫാംഹൗസില്‍

വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവൈരം തന്നെ; ഗൂഢാലോചന നടന്നത് മുത്തിക്കാവ് ഫാംഹൗസില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമെന്ന് സ്ഥിരീകരിച്ച് പോലിസ്. ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പോലിസിന്റെ നിഗമനം. കൊലപാതകത്തിന് ഗൂഢാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവ് ഫാംഹൗസിലാണ്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്ന് എസ് പി ബി അശോകന്‍ രാവിലെ വീണ്ടും വ്യക്തമാക്കി. മുഖ്യ പ്രതികളടക്കം എട്ട് പേരാണ് പിടിയിലായത്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായവരില്‍ ഏറെയും കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണന്ന് പോലിസ് അറിയിച്ചു.

ഗൂഡാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുള്ള ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ മെയ് 25ന് മറ്റൊരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതികളാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്നാണ് നിഗമനം.

ഇതിന് പുറമെ കൊല നടത്തിയ സജീവ്, സനല്‍, ഉണ്ണി, അന്‍സാര്‍ എന്നിവരും കസ്റ്റഡിയിലായി. ഇതില്‍ സജീവും അന്‍സാറുമാണ് കൊലയുടെ ആസൂത്രണവും നടത്തിപ്പും. സജീവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ണി, സനല്‍ എന്നിവര്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകരുമാണ്. കൊലയില്‍ രണ്ട് പേര്‍ക്ക് കൂടി പങ്കുണ്ടെന്നാണ് സംശയം. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഒരു സ്ത്രീ ഉള്‍പ്പെടെ കസ്റ്റഡിയിലുണ്ട്.

Most Popular