Saturday, May 15, 2021
Home News Kerala വോട്ടെടുപ്പ് തുടങ്ങി: എല്ലായിടത്തും നീണ്ട നിര; മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

വോട്ടെടുപ്പ് തുടങ്ങി: എല്ലായിടത്തും നീണ്ട നിര; മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ മുതല്‍ വലിയ തിരക്കാണ് പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പിലെ ആദ്യ ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് 7.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ – 9.10 %, സ്ത്രീകള്‍ – 6.74%, ട്രാന്‍സ് ജെന്‍ഡര്‍- 1.72% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇക്കുറി വിധിതേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2.74 കോടി (2,74,46,039) വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 40,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.

നക്‌സല്‍ ഭീഷണിയുള്ള ഒമ്ബത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് അവസാനിക്കും. കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവുമുണ്ട്. കേന്ദ്രസേനകളുടെ 140 കമ്ബനിയും രംഗത്തുണ്ട്. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കനത്ത സുരക്ഷയുണ്ടാകും. വെബ്കാസ്റ്റിങ് അടക്കം സംവിധാനങ്ങളും ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമുണ്ട്.

അതേസമയം വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. അങ്കമാലി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂളില്‍ വോട്ടിംഗ് മെഷീന്‍ തകരാറായി വോട്ടിങ്ങ് തടസപ്പെട്ടു.ചെങ്ങന്നൂര്‍ പെണ്ണുക്കര യു പി സ്‌കൂള്‍ 94-ാം ബൂത്തിലെ വോട്ടിങ്ങ് യന്ത്രം തകരാറിലായി വോട്ടെടുപ്പ് തടസപ്പെട്ടു. പാണക്കാട് എം.എ ലിപ് സ്‌കൂളിലെ ബൂത്തില്‍ യന്ത്രത്തകരാര്‍ പോളിംഗ് തുടങ്ങിയതോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. പാണക്കാട് സാദിക്കലി തങ്ങള്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് യന്ത്രത്തകരാര്‍. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉളിയനാട് സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 67ല്‍ വോട്ടിംഗ് മെഷീന്‍ തകരാറായതിനാല്‍ വേട്ടെടുപ്പ് ആരംഭിച്ചില്ല.

കോന്നിയില്‍ വോട്ട് ചെയ്യാനെത്തിയ ആളെ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. വോട്ടര്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മൂലമാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത്. പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ല എന്ന് വോട്ടര്‍ തങ്കമ്മ പറഞ്ഞു. കോന്നിയിലെ 180ാം ബൂത്തിലാണ് സംഭവം.

അതേസമയം ഈ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് ചരിത്ര വിജയമാണ് സമ്മാനക്കാന്‍ പോകുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറയി വിജയന്‍. ജനങ്ങളുടെ കരുത്താണ് ഇവിടെ പ്രകടമാവുക. കേരളത്തില്‍ 2016 മുതല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയോ, എല്ലാത്തിലും ഒപ്പം ജനങ്ങളുണ്ടായിരുന്നു. എല്‍.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അതേ കാര്യങ്ങളാണ് യുഡിഎഫും ബിജെപിയും പയറ്റിനോക്കിയത്. ആ ഫലത്തിന്റെ ആവര്‍ത്തനം കുറേക്കൂടി ശക്തമായ രീതിയില്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ ദുരാരോപണങ്ങളെ ജനം തള്ളും.

പ്രതിപക്ഷം സര്‍ക്കാരിനെതിരെ കരുതിവച്ചിരുന്ന ബോംബ് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. ഏതിനെയും നേരിടാന്‍ ജനങ്ങള്‍ സജ്ജമായിരുന്നു. അതുകൊണ്ട് ഒന്നും സംഭവിച്ചില്ല. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പിണറായി വിജയന്‍.

 

Most Popular