Wednesday, January 19, 2022
HomeNewsKeralaലീഗിനെ തള്ളി സമസ്ത; വഖഫ് ബോര്‍ഡ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ട

ലീഗിനെ തള്ളി സമസ്ത; വഖഫ് ബോര്‍ഡ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ട

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ ലീഗ് നിലപാട് തള്ളി സമസ്ത. ഈ വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ട എന്ന് സമസത നിലപാടെടുത്തു. പള്ളികളില്‍ വിശദീകരണ യോഗം ചേരാന്‍ മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതായി ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രതിഷേധ പരിപാടി പിന്‍വലിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.

‘വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തില്‍ സമസ്തക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാന്‍ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം എംപി വിളിച്ചിരുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കില്‍ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും’- തങ്ങള്‍ പറഞ്ഞു.

പള്ളികളില്‍ പ്രതിഷേധം പാടില്ല. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതക്ക് യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ ഈ വിഷയത്തില്‍ പള്ളിയില്‍ ഉദ്ബോധനം വേണ്ടെന്നും ജിഫ്രി തങ്ങള്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

പള്ളികളില്‍ ബോധവല്‍ക്കരണം നടക്കുമെന്ന് സാദിഖലി തങ്ങള്‍
sadikali shihab thangal
വഖഫ് വിഷയത്തില്‍ മുസ്‌ലിം പള്ളികളില്‍ ബോധവത്കരണം ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളിയാഴ്ച മഹല്ല് തലത്തില്‍ ബോധവല്‍ക്കരണം നടത്തും. വിശ്വാസികള്‍ ഭരണാധികാരികളെ ഭയപ്പെടരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

വിശ്വാസികള്‍ കാര്യം പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല. ചിലര്‍ വിഷയത്തെ രാഷ്ട്രീയവല്‍കരിച്ചു. അതു കൊണ്ട് പ്രശ്‌നമുണ്ടാക്കരുതെന്നാണ് സമസ്തയുടെ നിലപാട്. സമസ്തയുടെ നിലപാടിനൊപ്പമാണ് മുസ്‌ലിം ലീഗ് എന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Most Popular