Sunday, January 23, 2022
HomeNewsKeralaവഖ്ഫ് ബോര്‍ഡ് പിഎസ്‌സിക്ക് വിടണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്ന് പിണറായി; വിശദമായ ചര്‍ച്ച നടത്തും

വഖ്ഫ് ബോര്‍ഡ് പിഎസ്‌സിക്ക് വിടണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്ന് പിണറായി; വിശദമായ ചര്‍ച്ച നടത്തും

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണമെന്ന് സര്‍ക്കാരിന് വാശിയില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാറിനെ അറിയിച്ചത് വഖഫ് ബോര്‍ഡാണ്. സര്‍ക്കാറിന്റെ നിര്‍ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാറിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിഎസ്‌സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ഇ.കെ വിഭാഗം സമസ്ത നേതാക്കാളും അറിയിച്ചു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. തീരുമാനം റദ്ദാക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് എസ്‌വൈഎസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഭാവി പരിപാടികള്‍ സമസ്തയുടെ ഉന്നത നേതാക്കള്‍ ചര്‍ച്ച ചെയ്ത് ജനങ്ങളെ അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം രംഗത്തുവന്നതോടെ തുടര്‍നടപടികള്‍ ആലോചനക്കുശേഷം മതിയെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ ചുവടുമാറ്റിയിരുന്നു. ബില്‍ നിയമസഭ പാസാക്കുകയും ഗവര്‍ണര്‍ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ നടപടികള്‍ നിര്‍ത്തി
നവംബര്‍ 14ന് നിയമവകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും തുടര്‍നടപടികള്‍ നിര്‍ത്തി. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ കരട് ചട്ടങ്ങള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ഭരണവകുപ്പ് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടണം. കരട് ചട്ടങ്ങള്‍ നിയമവകുപ്പിന്റെ ഉള്‍പ്പെടെ പരിശോധനക്കുശേഷം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയും പിഎസ്‌സിക്ക് അയക്കുകയും വേണം. ഈ നടപടികളാണ് തല്‍ക്കാലം നിര്‍ത്തിയത്. ചട്ടങ്ങള്‍ രൂപവത്കരിച്ച് വിജ്ഞാപനമിറക്കുന്നതുവരെ പി.എസ്.സിക്ക് നിയമനം നടത്താനാകില്ല.

നേരത്തേ, പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയാണ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട്, ബില്ലായി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയുമായിരുന്നു.

 

Most Popular