Thursday, January 27, 2022
HomeNewsKeralaമതനിഷേധികള്‍ക്കും വഖ്ഫ് ബോര്‍ഡില്‍ കയറിപ്പറ്റാന്‍ വഴിയൊരുക്കുന്ന നിയമഭേദഗതി കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ

മതനിഷേധികള്‍ക്കും വഖ്ഫ് ബോര്‍ഡില്‍ കയറിപ്പറ്റാന്‍ വഴിയൊരുക്കുന്ന നിയമഭേദഗതി കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ

കോഴിക്കോട്: പരമ്പരാഗത വിശ്വാസികളല്ലാത്തവര്‍ക്കും മത നിഷേധികള്‍ക്കും നിയമനം നല്‍കരുതെന്ന വഖ്ഫ് ബോര്‍ഡ് ചട്ടം തിരുത്തിയത് 2016ലെന്ന് രേഖകള്‍. 1965 മുതലുള്ള വഖ്ഫ് ബോര്‍ഡിലെ വ്യവസ്ഥകള്‍ രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പി കെ കുഞ്ഞാലിക്കുട്ടി വഖ്ഫ് മന്ത്രിയായിരിക്കെയാണ് മാറ്റിയത്.

വഖ്ഫ് ബോര്‍ഡിന്റെ ഉയര്‍ന്നതോ താഴ്ന്നതോ ആയ തസ്തികകളില്‍ അമുസ്ലിംകളെയോ മില്ലത്ത്(സമുദായം) അംഗീകരിക്കാത്തവരെയോ ദൈവനിഷേധികളായ ജീവനക്കാരെയോ സ്വതന്ത്ര ചിന്തകരെയോ നിയമിക്കരുതെന്നാണ് 1965ലെ കേരളാ വഖ്ഫ് ബോര്‍ഡിന്റെ നിയമങ്ങളിലും ചട്ടങ്ങളിലും നിര്‍ദേശിക്കുന്നത്. 1965 മെയ് 11ന് ഇറക്കിയ ഉത്തരവിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും നിയമനങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ എന്ന ഭാഗത്താണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പിന്നീട് 2016ല്‍ വഖ്ഫ് ആക്ട് പുതുക്കിക്കൊണ്ട് ഇറക്കിയ ഉത്തരവില്‍ ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും പകരം നിയമനത്തിന് മുസ്ലിമാവുക എന്ന വ്യവസ്ഥ മാത്രം മതിയെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. 2016 ജനുവരി 27നാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ (എം എസ്) നമ്പര്‍ 58/ 2016/ ആര്‍ഡി പ്രകാരം ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. റിക്രൂട്ട്മെന്റ് ഓഫ് ഓഫീസേഴ്സ് ആന്‍ഡ് എംപ്ലോയീസ് എന്ന ചാപ്റ്റര്‍ നാലില്‍ അഞ്ചാം നമ്പര്‍ പോയിന്റായാണ് പരാമര്‍ശം.

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സി വഴിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് മുസ്ലിം ലീഗ് കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന സാഹചര്യത്തില്‍ പുറത്തുവന്ന വിവരം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കും. നിയമനം പിഎസ്‌സിക്ക് വിടുന്നതിലൂടെ മുസ്ലിം പേരുകളുള്ള ദൈവ നിഷേധികള്‍ വഖ്ഫ് ബോര്‍ഡിന്റെ ഉദ്യോഗസ്ഥ തലങ്ങളില്‍ കടന്നു വരാനിടയുണ്ടെന്നാണ് മുസ്ലിം ലീഗ് മുഖ്യമായി ഉയര്‍ത്തുന്ന വാദം. എന്നാല്‍, നേരത്തേ ഇത്തരത്തില്‍ ദൈവ നിഷേധികള്‍ ഉദ്യോഗസ്ഥരായി ഉണ്ടാകരുതെന്ന കടുത്ത നിര്‍ദേശം ബോര്‍ഡിന്റെ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കിയത് ലീഗ് ഭരണകാലത്താണെന്നത് വിവാദമാവുകയാണ്.

Most Popular