Sunday, May 16, 2021
Home Gulf പ്രവാസികളെ കൊലയ്ക്ക് കൊടുക്കരുത്; ലോക കേരള പ്രതിഷേധ സഭ ഇന്ന്

പ്രവാസികളെ കൊലയ്ക്ക് കൊടുക്കരുത്; ലോക കേരള പ്രതിഷേധ സഭ ഇന്ന്

തിരുവനന്തപുരം: പ്രവാസികളെ കൊലയ്ക്കു കൊടുക്കരുത്, നമ്മള്‍ തന്നെയാണ് അവര്‍ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ലോക കേരള പ്രതിഷേധ സഭ ഇന്ന് നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രവാസി സംഘടനകളും സംയുക്തമായി നേതൃത്വം നല്‍കുന്ന പ്രതിഷേധ സഭ വൈകീട്ട് 4 മുതല്‍ രാത്രി 10 വരെ ഓണ്‍ലൈനായാണ് നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, മലേഷ്യ, ചൈന, സോമാലിയ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മുപ്പതിലേറെ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ വെര്‍ച്വല്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും പ്രവാസി വെല്‍ഫെയര്‍ ഫോറത്തിന്റേയും ഫെയ്സ്ബുക്ക് പേജുകള്‍ വഴി പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യും.

ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്, ഹമീദ് വാണിയമ്പലം, കെ. മുരളീധരന്‍ എം.പി, കെ. സുധാകരന്‍ എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.എം. ഹസന്‍, സി.പി. ജോണ്‍, പി. സുരേന്ദ്രന്‍, അഡ്വ. ആര്‍. മുരളീധരന്‍, റജിമോന്‍ കുട്ടപ്പന്‍, അഷ്റഫ് താമരശ്ശേരി, ഡോ. താജ് ആലുവ, എം.സി.എ. നാസര്‍, റസാഖ് പാലേരി, കെ.എ. ഷഫീഖ്, ജോസഫ് ജോണ്‍, ശംസീര്‍ ഇബ്രാഹിം, ജബീന ഇര്‍ഷാദ്, റസീന മുഹ്‌യുദ്ദീന്‍, തഴവ രമേശ്, അബുല്ലൈസ് എടപ്പാള്‍, കെ. മുനീര്‍ മാസ്റ്റര്‍, എം.കെ. ഷാജഹാന്‍, കെ.എം. അബ്ദുറഹീം, സാജു ജോര്‍ജ്, ബദറുദ്ദീന്‍ പൂവാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രക്ഷോഭ കാല കാമ്പയിന്റെ ഭാഗമായി പതിനായിരം കേന്ദ്രങ്ങളില്‍ നടക്കുന്ന അവകാശ പ്രതിക പ്രകാശനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്നു. പ്രവാസി നിയമ വിദഗ്ധനും ആക്ടിവിസ്റ്റുമായ അഡ്വ. ആര്‍. മുരളീധരന് പത്രിക നല്‍കി വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം നിര്‍വഹിച്ചു.

ദുരിതമനുഭവിക്കുന്ന ഒരു ലക്ഷം പ്രവാസി കുടുംബങ്ങള്‍ ഒപ്പുവെക്കുന്ന നിവേദനം പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയക്കും. സെക്രട്ടേറിയേറ്റിലേക്കും വിവിധ ജില്ലകളിലെ കേന്ദ്ര-സംസ്ഥാന ഓഫീസുകളിലേക്കും നോര്‍ക്ക ആസ്ഥാനങ്ങളിലേക്കും പ്രവാസി കുടുംബങ്ങള്‍ കൂടി പങ്കെടുക്കുന്ന ബഹുജന മാര്‍ച്ചും സംഘടിപ്പിക്കും.


 

Most Popular