Tuesday, May 18, 2021
Home News Kerala വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ദോഷകരമായെന്ന് ലീഗ് വിലയിരുത്തല്‍

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ദോഷകരമായെന്ന് ലീഗ് വിലയിരുത്തല്‍

മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും അതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരസ്യ പോരും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ദോഷകരമായി ബാധിച്ചുവെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മൂന്നു മണിക്കൂറിലേറെ നീണ്ടു.

െേവല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ചൊല്ലി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ പരസ്യ വാഗ്വാദം തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത് തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് ദോഷമുണ്ടാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമുണ്ടാക്കിയ നീക്ക് പോക്ക് യുഡിഎഫിന് കാര്യമായി ഗുണം ചെയ്തില്ല. അതേ സമയം, യുഡിഎഫ് വോട്ടുകള്‍ കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി നിരവധി സീറ്റുകള്‍ നേടുകയും ചെയ്തു. ഒട്ടേറെ സ്ഥലങ്ങളില്‍ ബിജെപി പിടിക്കുന്ന വോട്ട് യുഡിഎഫിനെ ദോഷകരമായി ബാധിക്കുന്നതായാണ് മറ്റൊരു ചര്‍ച്ച വന്നത്. ബിജെപി പിടിക്കുന്ന വോട്ട് ഏത് രീതിയില്‍ ബാധിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം പറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നതായാണ് കുഞ്ഞാലിക്കുട്ടി പരോക്ഷമായി സൂചിപ്പിച്ചത് .

അതേ സമയം, ലീഗിന്റെ കോട്ടകളില്‍ മുന്നണിക്ക് ക്ഷീണം ഉണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 19ന് ചേരുന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച് ചര്‍ച്ച നടക്കും. 23ന് മുസ്ലിം ലീഗ് ഉന്നതാധികാര യോഗത്തിലും വിശദമായ ചര്‍ച്ചയുണ്ടാവും.

Most Popular