Sunday, January 23, 2022
HomeNewsKeralaമലപ്പുറത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച മകനും വെട്ടേറ്റു

മലപ്പുറത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച മകനും വെട്ടേറ്റു

കൊളത്തൂര്‍ (മലപ്പുറം): മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ പുഴക്കാട്ടിരിയില്‍ മധ്യവയസ്‌കയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. തടയാന്‍ ശ്രമിച്ച മകന് പരിക്കേറ്റു. കുറ്റിക്കാട്ടില്‍ മൊയ്തീന്റെ ഭാര്യ സുലൈഖയാണ് (54) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മൊയ്തീനെ (62) കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് പുഴക്കാട്ടിരി മണ്ണുംകുളം ഗ്രാമത്തെ നടുക്കിയ സംഭവം നടന്നത്. പരിക്കേറ്റ മകന്‍ മുഹമ്മദ് ഹനീഫ (36) മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
malappuram murder1സ്വത്ത് സംബന്ധിച്ച വാക്തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതായാണ് കരുതുന്നത്. വീട്ടിനകത്തുനിന്ന് തലക്ക് പിറകില്‍ വെട്ടേറ്റ സുലൈഖ പുറത്തേക്ക് ഓടിയെങ്കിലും മൊയ്തീന്‍ പിന്തുടര്‍ന്ന് വീണ്ടും വെട്ടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഈ സമയം വീടിനു മുന്നില്‍ സുഹൃത്തുക്കളോടൊപ്പം നിന്ന മകന്‍ ഹനീഫ ഓടിയെത്തി മാതാവിനെ വെട്ടുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും മൊയ്തീന്‍ പിന്തിരിഞ്ഞില്ല. ഇതിനിടെയാണ് ഹനീഫക്ക് വെട്ടേറ്റത്.

സുലൈഖയുടെ ദേഹത്ത് പല തവണ വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സുലൈഖയെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

വീടിന് മുന്നില്‍തന്നെയുള്ള കെട്ടിടത്തില്‍ കച്ചവടം നടത്തുകയാണ് മൊയ്തീന്‍. കൃത്യം നടത്തിയതിനു ശേഷം പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനിലെത്തിയ മൊയ്തീനെ കൊളത്തൂര്‍ പോലിസിന് കൈമാറി.

മൊയ്തീന്‍ ഭാര്യയുമായി തര്‍ക്കവും വഴക്കും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു കുട്ടികളുടെ മാതാവായ മക്കരപ്പറമ്പ് വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശിയായ സുലൈഖയും മൊയ്തീനും നേരത്തേതന്നെ ബന്ധുക്കളാണ്.

തര്‍ക്കം മൂത്ത് മൊയ്തീന്‍ രണ്ട് മാസം മുമ്പ് സുലൈഖയെ മൊഴിചൊല്ലിയിരുന്നു. എന്നാല്‍, നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സുലൈഖ വഴങ്ങിയില്ല.

വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശിയാണ് മരിച്ച സുലൈഖ. മക്കള്‍: മുഹമ്മദ് ഹനീഫ, ജസീന, സഫീന. മരുമക്കള്‍: ഗഫൂര്‍ (മണ്ണുംകുളം), സലാം (കടുങ്ങപുരം), ജുവൈരിയ്യ (വഴിപ്പാറ).

Most Popular