Sunday, September 19, 2021
Home News Kerala മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ അമ്മ കുടനിവര്‍ത്തി; കാറ്റില്‍ മറിഞ്ഞ് വീണ് മരിച്ചു

മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ അമ്മ കുടനിവര്‍ത്തി; കാറ്റില്‍ മറിഞ്ഞ് വീണ് മരിച്ചു

കൊല്ലം: ബൈക്കില്‍ മകനൊപ്പം യാത്രചെയ്ത വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം. പിന്‍സീറ്റിലിരുന്ന് കുടനിവര്‍ത്തിയതിനെ തുടര്‍ന്ന് റോഡിലേക്ക് മറിഞ്ഞ് വീണാണ് അന്ത്യം. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനില്‍ ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഈരാടന്‍മുക്കിനുസമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയയ ഗീതാകുമാരിയമ്മ മകന്‍ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് കുടനിവര്‍ത്തി. ഈസമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയപ്പോഴുണ്ടായ കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. തലയിടിച്ചാണ് വീണത്.

അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ മകന്‍ പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിര്‍ത്തിയില്ല. പിന്നീടെത്തിയ കാറില്‍ എഴുകോണ്‍ ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ശശിധരന്‍ പിള്ള. മരുമകള്‍: ആര്യ.

Most Popular