ചാവക്കാട്: ദുബയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. മണത്തല നാഗയക്ഷി ക്ഷേത്രത്തിനു സമീപം കൊപ്പര ചന്ദ്രന്റെ മകന്‍ ബിജു (35)വാണ് മരിച്ചത്.
ബൈക്കിലെത്തിയ സംഘമാണ് ബിജുവിനെ കുത്തിയതെന്നു പറയുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വയറ്റില്‍ ആഴത്തില്‍ കുത്തേറ്റ ബിജുവിനെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആഗസ്ത് മാസത്തിലാണ് ബിജു അവധിക്ക് നാട്ടിലെത്തിയത്. തുടര്‍ന്ന് ചാപ്പറമ്പ് സെന്ററില്‍ പെറ്റ്‌സ് ഷോപ്പ് നടത്തിവരുകയായിരുന്നു. അടുത്തദിവസം ഗള്‍ഫിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. ബിജു ബിജെപി അനുഭാവിയാണ്.
ബൈക്കിലെത്തിയവര്‍ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ആളുമാറി ആക്രമിച്ചതാണെന്നു സംശയമുണ്ട്. മരിച്ച ബിജുവുമായി രൂപസാദൃശ്യമുള്ള ചാപ്പറമ്പ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ സജീവനുമായി ഒരു സംഘം വൈകിട്ട് മൂന്നോടെ തര്‍ക്കമുണ്ടാക്കിയിരുന്നു. ഇവരാകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം. ബിജെപി പ്രവര്‍ത്തകനാണ് ഇയാളും.
സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പോലിസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിനുശേഷം അക്രമികള്‍ ബീച്ച് ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയതെന്നാണ് സൂചന.
റിയയാണ് ബിജുവിന്റെ ഭാര്യ. അമ്മ: തങ്കമണി.