അവധിയെടുത്ത് ഭാര്യയ്‌ക്കൊപ്പം വിദേശത്തു താമസം;പോലീസുകാരനെ പിരിച്ചുവിട്ടു

കൊച്ചി: അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയ്‌ക്കൊപ്പം കഴിയുന്ന സിവില്‍ പോലീസ് ഓഫിസറെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. അവധി അവസാനിച്ചിട്ടും ജോലിക്കു ഹാജരാകാത്തതിനെത്തുടര്‍ന്നാണു നടപടി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിമ്മി ജോസിനെയാണ് ജില്ലാ പോലീസ് മേധാവി പിരിച്ചു വിട്ടത്.

ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയതിനു ശേഷമാണ് നടപടി. ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ രണ്ടര മാസത്തെ ശമ്പളമില്ലാത്ത അവധിയ്ക്കായാണ് പോലീസുകാരന്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ തിരികെ ഹാജരാകേണ്ട 2022 ജനുവരി 16 നു ശേഷവും ജോലിയ്ക്കു ഹാജരായില്ല. തുടര്‍ന്ന് വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇയാള്‍ നാടു വിട്ടതായി കണക്കാക്കി. പിന്നീട് ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി വകുപ്പു തല അന്വേഷണം നടത്തി. തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടി.