വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണം; 21 മുതല്‍ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടിയില്ലെങ്കിൽ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകൾ. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള ചാര്‍ജ് വര്‍ധന അംഗീകരിക്കില്ല. 18ാം തീയതിക്കകം ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്നു വാഗ്ദാനം നൽകിയെങ്കിലും വാക്കു പാലിച്ചില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ഒരു മാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനം വരാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിന് വീണ്ടും ബസ് ഉടമകളുടെ തീരുമാനം. നിലവിലുള്ള ഇന്ധന വിലയിൽ ബസുകൾ നിരത്തിൽ ഇറക്കാനാവാത്ത സാഹചര്യമുണ്ട്. നിർത്തിയിട്ടിരുന്ന ബസുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനു സാധിക്കാത്തതും വലിയ അപകട സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡ് കാലത്തെ വാഹന നികുതി പൂർണമായി ഒഴിവാക്കി നൽകുകയും വിദ്യാർഥികളുടെ ബസ് നിരക്കിൽ കാലോചിത വർധന വരുത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത്ര വര്‍ധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്. ബസ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 10 രൂപ ആക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്ന വര്‍ധന.