Monday, July 26, 2021
Home News Kerala കേരളം മഴയില്‍ മുങ്ങുന്നു: മലപ്പുറത്ത് റെഡ് അലേര്‍ട്ട്; ഇടുക്കി രാജമലയില്‍ മണ്ണിടിച്ചില്‍

കേരളം മഴയില്‍ മുങ്ങുന്നു: മലപ്പുറത്ത് റെഡ് അലേര്‍ട്ട്; ഇടുക്കി രാജമലയില്‍ മണ്ണിടിച്ചില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദിനംപ്രതി ശക്തി പ്രാപിക്കുന്നു. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. മലപ്പുറം ജില്ലയില്‍ ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍മണ്ണിടിച്ചില്‍. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നിരവധി പേര്‍ മണ്ണിനടിയില്‍ കുടങ്ങി. നാല് ലയങ്ങളിലായി 80ഓളം പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മിക്ക സ്ഥലങ്ങളിലും മഴക്കെടുതികള്‍ രൂക്ഷമായി തുടരുകയാണ്. കോവിഡ് ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മലയോരമേഖലയിലേക്കുള്ള ഗതാഗതം രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴു വരെയായി നിയന്ത്രിച്ചിട്ടുണ്ട്.

മഴ കനത്തതോടെ ജലനിരപ്പുയര്‍ന്ന മിക്ക അണക്കെട്ടുകളുടെയും ഷട്ടറുകള്‍ പൂര്‍ണമായും തുറന്നു. വെള്ളപ്പൊക്ക സാധ്യത മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. എറണാകുളം ജില്ലയില്‍ മാത്രം ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇടുക്കി പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. ഇതിനെ തുടര്‍ന്ന് ഏലപ്പാറ തോട് കരകവിഞ്ഞൊഴുകി ഏലപ്പാറ ജംഗ്ഷനില്‍ മൂന്ന് അടി വെള്ളം പൊങ്ങി. അപകടാവസ്ഥയിലായ വീടുകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ള കോഴിക്കോട് ജില്ലയിലും സ്ഥിതി രൂക്ഷമാണ്. ചാലിയാറും, ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെമ്പുകടവ് പാലം മുങ്ങിയതോടെ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ജില്ലയില്‍ രണ്ട് ദുരിതാശ്വാസക്യാമ്പുകളാണ് തുറന്നത്.

കോട്ടയം ജില്ലയിലെ മലയോരമേഖയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മണിമലയാറ്റിലെ ജലനിരപ്പയര്‍ന്നു. പൂഞ്ഞാര്‍ അടിവാരത്തും മുണ്ടക്കയം ഏന്തയാറിലും ശകിതമായ മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെ അഞ്ച് വീട്ടകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

Most Popular