Tuesday, August 3, 2021
Home News Kerala കേരള സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: അട്ടിമറിയില്ലെന്ന നിഗമനത്തിൽ പോലീസ്

കേരള സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: അട്ടിമറിയില്ലെന്ന നിഗമനത്തിൽ പോലീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഫയൽ പരിശോധന തുടരുന്നു. ഫയലുകൾ കത്തി നശിച്ചെന്നും സുപ്രധാന ഫയലുകൾ കടത്തിക്കൊണ്ട് പോയെന്നുമുള്ള ആക്ഷേപം നിലനിൽക്കെ പൊതുഭരണ വകുപ്പിലെ മുഴുവൻ ഫയലുകളും പരിശോധിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇവിടെ താത്കാലികമായി എട്ട് ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായി.

തീപ്പിടിത്തത്തെ കുറിച്ച് നിലവിൽ രണ്ട് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ഇതിൽ ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം തീപ്പിടിത്തത്തിനു കാരണമായത് ഫാനിന്റെ തകരാർ ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. വിദഗ്ദ സമിതിയുടെ വിലയിരുത്തൽ സർക്കാർ ഔദ്യോഗികമായി പുറത്തറിയിക്കുകയും ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെയാണ് ഫയൽ പരിശോധന നടക്കുന്നത്.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തീപ്പിടിത്തത്തിന് പിന്നിൽ അട്ടിമറി നടന്നിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് നീങ്ങുന്നത്. തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു. ആ മുറിയിലേക്ക് അപകടത്തിനു മുൻപ് ആരും പ്രവേശിച്ചിട്ടില്ല. തീപ്പിടിത്തം ഉണ്ടാകുന്നതിനു മുൻപ് അസ്വാഭാവികമായ ഒരു നീക്കവും പരിസരത്ത് ഉണ്ടായിട്ടില്ലെന്നും സംഘം വിലയിരുത്തുന്നു.

തീപ്പിടിത്തത്തെ തുടർന്ന് സുരക്ഷ ശക്തിപ്പെടുത്താൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ചുമതല നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലും തീരുമാനമായിരുന്നു. സുരക്ഷാ സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തര നടപടികൾ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Most Popular