Saturday, July 24, 2021
Home Special GM Talkies കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: മാറ്റങ്ങൾക്ക് അംഗീകാരം നൽകി മലയാള സിനിമ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: മാറ്റങ്ങൾക്ക് അംഗീകാരം നൽകി മലയാള സിനിമ

തിരുവനന്തപുരം: ഇന്നലെ പ്രഖ്യാപിച്ച 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മലയാളസിനിമയിൽ വന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുള്ളതായിരുന്നു. 119 സിനിമകളാണ് അവാർഡിന് പരിഗണിച്ചത്. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇതിൽ 50 ശതമാനത്തിലേറെയും നവാഗത സംവിധായകരുടെ സിനിമകളായിരുന്നു. 71 സിനിമകൾ. കുറഞ്ഞ ബജറ്റിൽ വമ്പിച്ച താരനിരകളില്ലാതെ എടുത്ത് ജനകീയമായ സിനിമകളാണിവയെല്ലാം.

മന്ത്രി എ കെ ബാലനാണ് അവാർഡ് പ്രഖ്യാപിച്ചത്. വാസന്തിയാണ് മികച്ച സിനിമ. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട് (ചിത്രം : ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി), നടി: കനി കുസൃതി (ചിത്രം: ബിരിയാണി). മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി (ചിത്രം: ജെല്ലിക്കെട്ട്). മികച്ച രണ്ടാമത്തെ ചിത്രം- കെഞ്ചിര. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകൻ: സുശിൻ ശ്യാം, മികച്ച പിന്നണി ഗായകൻ: നജിം അർഷാദ്, മികച്ച പിന്നണി ഗായിക: മധു ശ്രീ നാരായണൻ, മികച്ച ചിത്ര സംയോജകൻ: കിരൺ ദാസ്, മികച്ച നടൻ പ്രത്യേക ജൂറി പരാമർശം: നിവിൻ പോളി, മികച്ച നടി പ്രത്യേക ജൂറി പരാമർശം: അന്ന ബെൻ, മികച്ച ക്യാമറാമാൻ: പ്രതാപ് പി നായർ, മികച്ച നവാഗത സംവിധായകൻ: രതീഷ് ബാലകൃഷ്ണ പൊതുവാൾ.

കോവിഡ് കാരണം അവാർഡ് നിർണയം നീണ്ടുപോയതായി മന്ത്രി പറഞ്ഞു. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹൻലാൽ (മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ലൂസിഫർ), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിൻ പോളി (മൂത്തോൻ), സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിങ് ലൈസൻസ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ൻ നിഗം (കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ്) എന്നിവർ തമ്മിൽ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു. മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാർവതി (ഉയരെ), രജിഷ വിജയൻ (ജൂൺ, ഫൈനൽസ്), അന്ന ബെൻ (ഹെലൻ, കുമ്പളങ്ങി നൈറ്റ്‌സ്), മഞ്ജു വാര്യർ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകൾ അവസാന നിമിഷം വരെയും ഉയർന്നുവന്നു.

Most Popular