Wednesday, April 21, 2021
Home News Kerala അതിവേഗ ഇന്റർനെറ്റുമായി കെഫോൺ‍ ഡിസംബറിലെത്തും

അതിവേഗ ഇന്റർനെറ്റുമായി കെഫോൺ‍ ഡിസംബറിലെത്തും

കേരളത്തില്‍ സര്‍ക്കാര്‍ വകക അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനുള്ള കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക്) പദ്ധതി അവസാന ഘട്ടത്തില്‍.സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ ഫോണ്‍. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യല്‍മീഡിയ വഴി അറിയിച്ചിരിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്, കേബിള്‍ ടിവി തുടങ്ങി സര്‍വീസുകള്‍ ലക്ഷ്യമിടുന്ന കെ ഫോണ്‍ പദ്ധതിയുടെ അടങ്കല്‍ തുക 1028.2 കോടിയുടേതാണ്. കിഫ്ബിയുടെ ബോര്‍ഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു. കെഎസ്‌ഐടിഎല്‍ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്നത് കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ പ്രസാരണ ലൈനുകളിലൂടെയായതിനാല്‍ റോഡ് കുഴിക്കല്‍ വേണ്ടി വരുന്നില്ല. സബ്‌സ്റ്റേഷന്‍ വരെ എത്തുന്ന ഇത്തരം ലൈനുകളില്‍ നിന്നു (കോര്‍ നെറ്റ്വര്‍ക്ക്) നെറ്റ് കണക്ഷനുള്ള കേബിള്‍ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാന്‍ പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തുമെന്നാണ് അറിയുന്നത്.

സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെ ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റര്‍ കേബിളുകള്‍ വഴിയാണ് കെ ഫോണ്‍ സര്‍വീസ് ലഭ്യമാക്കുക. കേബിള്‍ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്‌പോട്ടുകള്‍ സ്ഥാപിക്കും. അവിടെ നിന്നാണു (ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി) സര്‍വ സ്‌കൂളുകളിലും ആശുപത്രികളിലും ഓഫിസുകളിലും വീടുകളിലും ലഭ്യമാക്കുക. കലക്ടര്‍മാര്‍ ഓരോ ജില്ലയിലും വൈഫൈ ഹോട് സ്‌പോട് ഏതൊക്കെ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്ന ലിസ്റ്റ് നേരത്തെ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ടെന്‍ഡറില്‍ കരാര്‍ ബിഎസ്എന്‍എലിനാണു ലഭിച്ചിരിക്കുന്നത്. ലൈബ്രറികളും പാര്‍ക്കുകളും ബസ് സ്റ്റാന്‍ഡുകളും സര്‍ക്കാര്‍ ഓഫിസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുള്‍പ്പെടും. അതോടൊപ്പം 12 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായിട്ടാവും കണക്ഷന്‍ നല്‍കുക. മറ്റുള്ളവര്‍ക്കു മാസം എത്ര തുക ഈടാക്കണമെന്നതും മറ്റും നിശ്ചയിച്ചിട്ടില്ല.

പദ്ധതിക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഏറെ കുറെ പൂര്‍ത്തിയായി കഴിഞ്ഞു. കേബിളിലൂടെ തന്നെ എത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ ഗവേണന്‍സിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമേ വീടുകളില്‍ ഫോണും ഇന്റര്‍നെറ്റും വേണമെങ്കില്‍ കേബിള്‍ ടിവിയും നല്‍കാന്‍ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം.

ഹൈടെന്‍ഷന്‍ പ്രസാരണ ശൃംഖലയിലൂടെ ഇന്റര്‍നെറ്റ് കേബിള്‍ ഇടാന്‍ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയില്‍ (എസ്പിവി) കെഎസ്‌ഐടിഎല്ലിനും കെഎസ്ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോര്‍ നെറ്റ്വര്‍ക്കിനു കേബിള്‍ വലിക്കാനുള്ള നടപടികളിലേക്ക് ഐടി മിഷന്‍ സാങ്കേതിക സഹായത്തോടെ കെഎസ്‌ഐടിഎല്‍ നീങ്ങുകയാണ്.

കെഎസ്ഇബിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

ഇന്റര്‍നെറ്റ് സ്ലോ ആണോ? ഡിസംബറിലെത്തും കെഫോണ്‍

സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും നല്‍കുന്നതാണ്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും.

സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്‍ഡ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്‍ഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കെഎസ്ഇബി-യും കെഎസ്‌ഐറ്റിഐഎല്‍-ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേത്യത്വം നല്‍കുന്ന കണ്‍സോഷ്യത്തിന് കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐറ്റി എന്നീ കമ്പനികളാണ് പ്രസ്തുത കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കെഫോണ്‍ പദ്ധതിയുടെ നേട്ടങ്ങള്‍

  •  എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും (കേബിള്‍ ഓപ്പറേറ്റര്‍, ടെലകോം ഓപ്പറേറ്റര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍, കണ്ടന്റ് സര്‍വീസ് പ്രൊവൈഡര്‍) തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക് ഫൈബര്‍ നെറ്റ് വര്‍ക്ക് സംസ്ഥാനത്ത് നിലവില്‍ വരും.
  • ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും.
  •  30000-ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10mbps-തൊട്ട് 1Gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാകും.
  •  ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട് സിറ്റി തുടങ്ങിയ മേഖലകളില്‍ കെഫോണ്‍ സൗകര്യമൊരുക്കും.
  •  ഗ്രാമങ്ങളിലും ചെറുകിയ സംരംഭങ്ങള്‍ക്ക് ഇ-കോമേഴ്‌സ് വഴി വില്‍പ്പന നടത്താം.
  •  സര്‍ക്കാര്‍ സേവനങ്ങളായ ഇ-ഹെല്‍ത്ത്, ഇ-എഡ്യൂക്കേഷന്‍ മറ്റ് ഇ- സര്‍വീസുകള്‍ക്ക് കൂടുതല്‍ ബാന്‍ഡ് വിഡ്ത്ത് നല്‍കി കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കെഫോണ്‍ സഹായിക്കും.
  •  ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും. ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെഫോണ്‍ പദ്ധതി സഹായിക്കും.

 

Most Popular