Tuesday, August 3, 2021
Home News Kerala കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് കോടതിയുടെ അന്ത്യശാസനം. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്റെ നടപടിക്കെതിരെയാണ് കോടതിയുടെ താക്കീത്. അടുത്ത മാസം 12ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നൽകിയത്.

കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ, വിവിധ കാരണങ്ങൾ പറഞ്ഞാണ് ശ്രീറാം കോടതിക്കു മുന്നിൽ ഹാജരാകാതെ മാറിനിൽക്കുന്നത്.

അതേസമയം, കേസിലെ, രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫാ നജീം ഇന്നലെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടിന്മേലുമാണ് കോടതി വഫയ്ക്ക്് ജാമ്യം അനുവദിച്ചത്.

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീർ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകട കേസിന്റെ കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇരുപ്രതികളുടെയും അഭിഭാഷകർക്ക് കോടതി ഫെബ്രുവരി 24ന് നൽകിയിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. പിന്നാലെയാണ് ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ഉത്തരവിട്ടത്.

കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധനാ റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെതിരെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പത്ത് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കും മുമ്പ് പ്രതികൾ കോടതിയിൽ ഹാജരായി മുൻ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിർത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.

Most Popular