കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. തലസ്ഥാനത്തെ സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ടിലെത്തിയ വിദേശ വനിതയെ 2018 മാര്‍ച്ച്‌ 14നാണ് കാണാതായത്. ഏപ്രില്‍ 20ന് പൂനംതുരുത്തില്‍ ചതുപ്പില്‍ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നും പറഞ്ഞാണ് പ്രതികള്‍ യുവതിയെ സമീപിച്ചത്. തുടര്‍ന്ന് കണ്ടല്‍ക്കാടുകളിലെത്തിച്ച്‌ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് തെളിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ഇന്ന് ഡി ജി പി ആദരിക്കും.