ന്യൂഡൽഹി: കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ വലിയ വർധന രോഗബാധയുടെ രണ്ടാം ഘട്ടമെന്ന ആശങ്കയിൽ ഇന്ത്യ. രാജ്യത്തെ മൊത്തം കണക്കുകൾക്ക് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിദിന രോഗബാധ സംബന്ധിച്ച റിപ്പോർട്ടുകളും ഈ സൂചനകൾ നൽകുന്നതാണെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ കോവിഡ് രോഗബാധ നിരക്ക് രണ്ടാഴ്ച ക്രമേണ കുറയുന്ന സൂചനകൾ കാണിച്ചിരുന്നു. പോസിറ്റിവിറ്റി റേറ്റ് കുറയുകയും രോഗമുക്തി നിരക്ക് ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഇത് അധിക ദിവസങ്ങൾ നീണ്ടുനിന്നില്ലെന്ന് മാത്രമല്ല പ്രതിദിനം മുക്കാൽ ലക്ഷത്തിലധികം രോഗികളെന്ന നിലയിലേക്ക് മാറുകയും ചെയ്തു. പിന്നാലെ ലോകത്ത് ഒറ്റ ദിവസത്തിൽ ഏറ്റവും അധികം പേരിൽ രോഗം ബാധിക്കുന്ന രാജ്യമായി ഇന്ത്യ.
ഇത്തരത്തിൽ ആശങ്കാജനകമായ രോഗബാധിത വർധന ചൂണ്ടിക്കാട്ടുന്നത് രോഗബാധയുടെ രണ്ടാമത്തെ ഘട്ടത്തിന്റെ ലക്ഷണങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തിൽ അധികൃതർ കൂടുതൽ ജാഗ്രതയോടെ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് സാഹചര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 78,761 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 948 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 35,42,733 ആയി.