Sunday, July 25, 2021
Home News Kerala കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്

കരിപ്പൂര്‍:കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്കാലികമായി പിന്‍വലിച്ചു.

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്. 344 വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഡിജിസിഎയുടെ പുതിയ തീരുമാനം. സര്‍വീസ് താത്കാലികമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സൗദി എയര്‍ലൈന്‍സിന് ഡിജിസിഎ വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് കോഴിക്കോട് സുരക്ഷിതമല്ലെന്ന് വരുത്തിത്തീര്‍ത്ത് വലിയ വിമാനങ്ങള്‍ക്ക് തടയിടാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഖത്തര്‍ എയര്‍വേസിന്റെ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കിയത്. ഇവര്‍ ഒരുക്കം ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം. എയര്‍ ഇന്ത്യ, ഇത്തിഹാദ്, സൗദി എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവര്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സ് മാത്രമാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നത്. തീരുമാനം നടപ്പാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പ് ചോദ്യംചെയ്യുന്ന തരത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കളംവിടേണ്ടിവരുമെന്ന് ആശങ്കയുണ്ട്.

Most Popular