Saturday, December 4, 2021
HomeNewsKeralaനിയമ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

നിയമ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

കൊച്ചി: ആലുവയിൽ നിയമ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. മോഫിയ പര്‍വീണിന്റെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും ഭര്‍തൃമാതാവ് റുഖിയ, പിതാവ് യുസുഫ് എന്നിവരുമാണ് അറസ്റ്റിലായത്. ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന മൂവരും ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്.

സ്ത്രീധന പീഡനം നേരിടുന്നെന്ന് കാണിച്ച്‌ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ 21കാരിയായ മോഫിയ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മൊഫിയയെ ഒത്തു തീര്‍പ്പിന് വിളിപ്പിച്ചു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തില്‍ വ്യക്തമാക്കി.

അതേസമയം ആലുവ എടയപ്പുറത്തെ നിയമവിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതിയുടെ അച്ഛന്‍. ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും പിതാവ് ദില്‍ഷാദ് സലിം പറഞ്ഞു.

പുറത്തുപറയാന്‍ കഴിയാത്തവിധത്തിലുള്ള ലൈം​ഗീക വൈകൃതങ്ങള്‍ക്കാണ് മകൾ ഇരയായത്. ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ട് സുഹൈല്‍ മര്‍ദ്ദിച്ചിരുന്നു. യുട്യൂബില്‍ വിഡിയോ നിര്‍മ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്ന് മോഫിയയോട് പറഞ്ഞു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. പഠിത്തം നിര്‍ത്താനും സുഹൈല്‍ മോഫിയയെ നിര്‍ബന്ധിച്ചിരുന്നു, ദില്‍ഷാദ് പറഞ്ഞു.

Most Popular